munnar

മൂന്നാർ: ഡോക്ടർ ഉൾപ്പെടെ രണ്ട്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാർ ഹൈറേഞ്ച് ആശുപത്രി അടച്ചു. ആശുപത്രിയിൽ ഉണ്ടായിരുന്ന രോഗികളെ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച ഇവിടെ ചികിത്സ തേടിയ രോഗികളുടെ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. എം എൽ എ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ആശുപത്രി അടയ്ക്കാനുള‌ള തീരുമാനമെടുത്തത്. അതേസമയം കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് കേസെടുത്തു. തിരുവനന്തപുരത്ത് പോയി മടങ്ങിവന്നശേഷം നിരീക്ഷണത്തിൽ കഴിയാതെ ആശുപത്രിയിൽ എത്തിയതിനാണ് കേസെടുത്തത്.

കൂടുതൽപേർക്ക് രോഗം ബാധിച്ചതോടെ മൂന്നാറിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ഇന്നലെ ഇടുക്കിയിൽ ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 28 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. എന്നാൽ പതിമൂന്ന് രോഗികളുടെ ഉറവിടം വ്യക്തമല്ല. ഉറവിടം വ്യക്തമാകാത്ത രോഗികളുടെ എണ്ണം കൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.