steve-bucknor

ലണ്ടൻ : ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും പ്രഗത്ഭനായ അമ്പയർമാരിൽ ഒരാളായിരുന്നു സ്റ്റീവ് ബക്നർ. എന്നാൽ കരിയറിന്റെ അവസാനഘട്ടത്തിൽ തെറ്റായ തീരുമാനങ്ങളിലൂടെ ബക്നർ വിവാദങ്ങളും ക്ഷണിച്ചുവരുത്തിയിരുന്നു. വിരമിച്ച് ഒരുപതിറ്റാണ്ട് പിന്നിട്ട ഇൗ വേളയിൽ അമ്പയർ എന്ന നിലയിൽ തനിക്ക് പറ്റിയ രണ്ട് പിഴവുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് ബക്നർ. ഇൗ രണ്ട് പിഴവുകളും ഇന്നും തന്നെ വേട്ടയാടുന്നുണ്ടെന്നും ബക്നർ പറയുന്നു.

2008ൽ ആസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടന്ന സിഡ്നി ടെസ്റ്റിലാണ് രണ്ട് ഗുരുതരമായ തെറ്റുകളും സംഭവിച്ചത്. രണ്ടും ഇന്ത്യൻ ടീമിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്ന് ബക്നർ സമ്മതിക്കുന്നു. എന്നാൽ സിഡ്നി ഗ്രൗണ്ടിലെ ശക്തമായ കാറ്റാണ് തന്നെ ചതിച്ചതെന്ന് അദ്ദേഹം ആണയിടുന്നു.

ഒന്നാം പിഴവ്

ആസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോൾ ഇശാന്ത് ശർമ്മയുടെ പന്ത് ആൻഡ്രൂ സൈമണ്ട്സിന്റെ ബാറ്റിൽ തട്ടി കീപ്പർ ധോണിയുടെ ഗ്ളൗസിലെത്തി. ഇന്ത്യൻ ടീം വിക്കറ്റിനായി അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ ബക്നർ അത് അംഗീകരിച്ചില്ല.സൈമണ്ട്സ് അപ്പോൾ 30 റൺസിലെത്തിയിരുന്നതേയുള്ളൂ ; ആസ്ട്രേലിയ 134/6 എന്ന നിലയിലും. ലൈഫ് കിട്ടിയ സൈമണ്ട്സ് പുറത്താകാതെ 162 റൺസടിച്ച് ആസ്ട്രേലിയയെ 463ലെത്തിച്ചു.

രണ്ടാം പിഴവ്

അവസാന ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 333 റൺസ് ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയപ്പോൾ രാഹുൽ ദ്രാവിഡിന്റെ ബാറ്റിൽ കൊള്ളാതെ പോയ പന്തിൽ ബക്നർ കീപ്പർ ക്യാച്ച് വിധിക്കുകയായിരുന്നു. റീപ്ളേയിൽ ദ്രാവിഡിന്റെ ബാറ്റ് പാഡിൽ തട്ടിയ ശബ്ദം കേട്ടാണ് അമ്പയർ ഒൗട്ട് വിളിച്ചതെന്ന് തെളിഞ്ഞിരുന്നെങ്കിലും തിരുത്താനായിരുന്നില്ല. മത്സരത്തിന്റെ അവസാന സെഷനിൽ ഇന്ത്യ നാടകീയമായി 210 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു.

ഒരു ടെസ്റ്റിൽ രണ്ട് മണ്ടത്തരങ്ങൾ വരുത്തിയ ആദ്യ അമ്പയറായിരിക്കും ഞാൻ. പക്ഷേ അത് എന്തുകൊണ്ടെന്ന് കൂടി പറയേണ്ടതുണ്ട്. ഒഴിവുകഴിവായി പറയുകയല്ല, എങ്കിലും സിഡ്നിയിലെ ആ സമയത്തെ കാറ്റിൽ ഒന്നും വ്യക്തമായി കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം കമന്റേറ്റർമാർക്ക് സ്റ്റംപ് മൈക്കിലൂടെ എല്ലാം വ്യക്തമായി കേൾക്കാനും കഴിഞ്ഞിരുന്നു. ഇൗ രണ്ട് പിഴവുകളും എന്നെ ഇന്നും വേട്ടയാടുകയാണ്.

- സ്റ്റീവ് ബക്നർ

സിഡ്നി ടെസ്റ്റ്

അമ്പയറിംഗ് പിഴവുകൾ കൊണ്ടുമാത്രമല്ല, ഹർഭജൻ സിംഗും ആൻഡ്രൂ സൈമണ്ട്സും ഉൾപ്പെട്ട മങ്കിഗേറ്റ് സംഭവം കൊണ്ടും കുപ്രസിദ്ധി നേടിയതാണ് സിഡ്നി ടെസ്റ്റ്. തന്നെ വംശീയമായി ആക്ഷേപിച്ചു എന്ന സൈമണ്ട്സിന്റെ പരാതിയിൽ ഹർഭജനെ റഫറി വിലക്കിയപ്പോൾ ഇന്ത്യൻ ടീം ഒന്നടങ്കം പ്രതിഷേധിക്കുകയും പരമ്പര ഉപേക്ഷിക്കാൻ ഒരുങ്ങുകയും ചെയ്തു. ഹർഭജന്റെ വിലക്ക് മാറ്റിയതോടെയാണ് ഇന്ത്യ അടുത്ത മത്സരത്തിന് ഇറങ്ങിയത്.