ലണ്ടൻ: ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ എന്ന ‘ചീത്തപ്പേരിൽനിന്ന്’ ഒഴിഞ്ഞുനിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടിക്ടോക് കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്കു മാറ്റാൻ ആലോചന. ഇതു സംബന്ധിച്ച് യു.കെ സർക്കാരുമായി ടിക്ടോക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചർച്ച നടത്തുകയായിരുന്നുവെന്നാണ് വിവരം. ലണ്ടനോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ ആണ് പരിഗണിക്കുന്നത്. അന്തിമ തീരുമാനം എടുത്തിട്ടില്ല.
ചൈനീസ് ആസ്ഥാനമായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക്ടോക് ഇപ്പോൾ. ഈ വർഷം ആദ്യമാണ് ടിക്ടോക് കലിഫോർണിയയിലെ ലൊസാഞ്ചലസിലേക്കു മാറിയത്. വാൾട്ട് ഡിസ്നിയുടെ കോ എക്സിക്യൂട്ടീവായ കെവിൻ മേയറെ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ച് വൻ വിപുലീകരണത്തിന് ടിക്ടോക് ശ്രമിച്ചുവരുന്നതിനിടെയാണ് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിച്ചത്. യു.എസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ നിരോധനത്തിനു തയാറെടുക്കുകയാണ്. ചൈനയ്ക്കു പുറത്ത് ലണ്ടനിലും മറ്റു ഓഫിസുകളിലും കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രവർത്തനം വിപുലപ്പെടുത്താനാണ് കമ്പനി ഒരുങ്ങുന്നത്.
♦ ചെറിയ വീഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐ ടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം
♦ 2016 സെപ്തംബറിൽ ഡുവൈൻ എന്ന പേരിൽ ആദ്യം വിപണിയിലിറക്കി
♦ ഒരുവർഷത്തിനുശേഷം ടിക് ടോക് എന്ന പേരിൽ വിദേശ വിപണിയിലെത്തി
♦ 2018 ൽ ഇത് 150 ലധികം രാജ്യങ്ങളിലും 75 ഭാഷകളിലും ലഭ്യമായി
♦ 2020ജൂലായ് 29ന് ടിക് ടോക് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു