arsenal-

എഫ്.എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 2-0ത്തിന് കീഴടക്കി ആഴ്സനൽ ഫൈനലിൽ

ആഴ്സനലിന്റെ രണ്ട് ഗോളുകളും നേടിയത് പിയറി എമെറിക്ക് ഒൗബമയാംഗ്

ലണ്ടൻ : ആദ്യം പ്രിമിയർ ലീഗിൽ പുതിയ ചാമ്പ്യന്മാരായ ലിവർപൂളിനെതിരായ കിടിലൻ ജയം. തൊട്ടുപിന്നാലെ എഫ്. എ കപ്പിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെയും അടിയറവ് പറയിച്ചിരിക്കുന്നു. കൊവിഡിന് ശേഷം പുനരാരംഭിച്ച ഇംഗ്ളീഷ് ഫുട്ബാൾ സീസൺ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ആളിക്കത്തുകയാണ് ആഴ്സനൽ.

കഴിഞ്ഞ രാത്രി നടന്ന എഫ്.എ കപ്പിന്റെ സെമിഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്സനൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയത്. രണ്ട് ഗോളുകളും നേടിയത് ഗാബോൺ സ്വദേശിയായ സൂപ്പർ സ്ട്രൈക്കർ പിയറി എമെറിക്ക് ഒൗബമയാംഗാണ്. ഇരു പകുതികളിലുമായിട്ടായിരുന്നു ഒൗബമയാംഗിന്റെ ഗോളുകൾ.

മാഞ്ചസ്റ്റർയുണൈറ്റഡും ചെൽസിയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ ജേതാക്കളെയാണ് ആഴ്സനൽ ഫൈനലിൽ നേരിടേണ്ടത്. ആഗസ്റ്റ് ഒന്നിന് വിഖ്യാതമായ വെംബ്ളി സ്റ്റേഡിയത്തിലാണ് ഫൈനൽ.

21-ാം തവണയാണ് ആഴ്സനൽ എഫ്.എ കപ്പിന്റെ ഫൈനലിലെത്തുന്നത്. മറ്റൊരു ക്ളബും ഇത്രയേറെ തവണ ടൂർണമെന്റിന്റെ ഫൈനൽ കളിച്ചിട്ടില്ല.

13 തവണ എഫ്. എ കപ്പ് സ്വന്തമാക്കിയിട്ടുണ്ട്.

2014

ആഴ്സനലിന്റെ ഇപ്പോഴത്തെ പരിശീലകൻ മൈക്കേൽ ആർട്ടേറ്റയുടെ ക്യാപ്ടൻസിക്ക് കീഴിൽ ക്ളബ് എഫ്.എ കപ്പ് നേടിയ വർഷം. കഴിഞ്ഞ ഡിസംബർ വരെ മാഞ്ചസ്റ്റർ സിറ്റിയുടെ സഹ പരിശീലകനായിരുന്നു ആർട്ടേറ്റ.

2017 ലാണ് അവസാനമായി ആഴ്സനൽ എഫ്.എ കപ്പ് നേടുന്നത്.

ഗോളുകൾ ഇങ്ങനെ

1-0

19-ാം മിനിട്ട്

ഒൗബമയാംഗ്

വലതുവിംഗിൽ നിന്ന് നിക്കോളാസ് പെപ്പെ നൽകിയ ക്രോസിൽ നിന്നായിരുന്നു ഒൗബമയാംഗിന്റെ ആദ്യ ഗോൾ. കൗണ്ടർ അറ്റാക്കിലൂടെ കിട്ടിയ പന്തുമായി മുന്നേറിയ ആഴ്സനലിന്റെ ടീം എഫർട്ടിന് മുന്നിൽ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധം മുങ്ങിപ്പോവുകയായിരുന്നു.

2-0

71-ാം മിനിട്ട്

ഒൗബമയാംഗ്

പെപപ്പെയും ടിയേണിയും ചേർന്ന് എത്തിച്ചുകൊടുത്ത പാസിൽ നിന്നാണ് ഒൗബമയാംഗ് രണ്ടാം ഗോൾ നേടിയത്.