തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിലും തീരദേശങ്ങളിലെ കൊവിഡ് ആന്റിജൻ പരിശോധന കുറച്ച് ആരോഗ്യവകുപ്പ്. ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ആയിരത്തിനു താഴെ മാത്രമാണുള്ളതെന്നതാണ് ആന്റിജൻ പരിശോധന കുറയ്ക്കാൻ കാരണം. രോഗപകർച്ച കൂടുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധന ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്തതാണ്.
ആന്റിജൻ പരിശോധനയിലൂടെയാണ് ജില്ലയിലെ തീരപ്രദേശങ്ങളിൽ കൂടുതൽ രോഗികൾ ഉള്ളതായി കണ്ടെത്തിയത്. പൂന്തുറയിൽ ഇന്നലെ 27 പേരെ മാത്രമാണ് ആന്റിജൻ പരിശോധന നടത്തിയത്. പുല്ലുവിള ഉൾപ്പെടുന്ന കരകുളം പഞ്ചായത്തിലാകട്ടെ ഇന്നലെ 50 പേരെയാണ് ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയത്.
കിറ്റുകൾ ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കിറ്റുകൾ ലഭിച്ചാൽ ഇന്നുതന്നെ പരിശോധനകൾ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു. നിലവിൽ തീരദേശ മേഖല പൂർണമായും ലോക്ക്ഡൗണിലാണ്. മേഖലയെ മൂന്ന് സോണുകളായി തിരിച്ചുകൊണ്ടാണ് സർക്കാർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.