ജനീവ: അഞ്ചുവർഷത്തിലൊരിക്കൽ നൽക്കുന്ന ഐക്യരാഷ്ട്ര സഭയുടെ നെൽസൺ മണ്ടേല സമാധാന പുരസ്‌കാരം ഗ്രീക്ക് മനുഷ്യാവകാശ പ്രവർത്തക മരിയാന വർഡിനോയാനിസിനും ഗിനിയൻ ഡോക്ടർ മൊറിസാന കൂയറ്റെയ്ക്കും. യു.എൻ പൊതുസഭാ പ്രസിഡന്റ് ടിജ്ജനി മുഹമ്മദ് ബാൻഡെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മനുഷ്യരാശിയുടെ നന്മയ്ക്കായി ജീവിതം മാറ്റിവയ്ക്കുന്ന വ്യക്തികൾക്കാണ് നെൽസൺ മണ്ടേലയുടെ പേരിലുള്ള പുരസ്‌കാരം സമ്മാനിക്കുന്നത്. സമൂഹത്തിൽ അവരുടെ പ്രവർത്തനങ്ങൾ ചെലുത്തിയ സ്വാധീനമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.
30 വർഷമായി സേനരംഗത്തുള്ള മരിയാന വർഡിനോയാനിസ് കുട്ടികളിലെ കാൻസർ ബാധയ്‌ക്കെതിരായ പോരാട്ടത്തിനാണ് ജീവിതം സമർപ്പിച്ചിരിക്കുന്നത്. ആയിരക്കണക്കിന് കുട്ടികളുടെ ജീവനാണ് മരിയാന രക്ഷിച്ചത്. കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായുള്ള പ്രവർത്തനങ്ങളിൽ ലോകത്തിന് മാതൃകയാണ് മരിയാനയെന്ന് മുഹമ്മദ് ബാൻഡെയുടെ വക്താവ് റീം അബാസ പറഞ്ഞു. മരിയാന 1999 മുതൽ യുനെസ്കോയുടെ ഗുഡ്‌വിൽ അംബാസിഡറുമാണ്.
ആഫ്രിക്കയിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ നിരന്തരം പോരാടുന്നയാളാണ് ഡോക്ടർ മൊറിസാന കൂയറ്റെ. സ്ത്രീ ലൈംഗിക അവയവങ്ങളെ പ്രാകൃതമായി അംഗവിച്ഛേദം നടത്തുന്നതിനെതിരെ കൂയറ്റെ ശക്തമായി ഇടപെട്ടിട്ടുണ്ട്. മാനുഷിക പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ നിരവധി പുരസ്കാരങ്ങൾ കൂയറ്റെയ്ക്ക് ലഭിച്ചിടട്ുണ്ട്.
ഇന്ന് നടക്കുന്ന വെർച്വൽ സമ്മേളനത്തിൽ വെച്ച് മരിയാന വർഡിനോയനിസിലും മൊറിസാനെ കുയറ്റെയ്ക്കും പുരസ്‌കാരം സമ്മാനിക്കും. പിന്നീട് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് വെച്ച് നേരിട്ട് പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങും നടത്താൻ ആലോചിക്കുന്നുണ്ട്.
ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റും വിമോചന നേതാവുമായ നെൽസൺ മണ്ടേലയുടെ ജൻമദിനമായിരുന്നു ജൂലായ് 18ന്. ഇതിന് മുന്നോടിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും അന്താരാഷ്ട്ര ഐക്യത്തിന്റെയും പ്രതീകമായ മണ്ടേലയുടെ പേരിലുള്ള പുരസ്‌കാരത്തിന് 2014ലാണ് ഐക്യരാഷ്ട്ര സഭ തുടക്കമിട്ടത്.
മണ്ടേലയുടെ മാതൃകാജീവിതം ആഘോഷിക്കുന്നതിനും സാമൂഹിക മാറ്റത്തിനായി ജീവിതം സമർപ്പിക്കുന്നവരെ ആദരിക്കുകയുമാണ് പുരസ്‌കാരം വഴി ലക്ഷ്യമിടുന്നത്.