കൊച്ചി: വായ്‌പ തേടി നാം ബാങ്കിൽ എത്തിയാൽ, അവർ ആദ്യം പരിശോധിക്കുക നമ്മുടെ സിബിൽ സ്‌കോർ ആണ്. നമ്മുടെ സാമ്പത്തിക സ്ഥിതി, മുൻകാല വായ്‌പാത്തിരിച്ചടവുകളുടെ അവസ്ഥ ഇതെല്ലാം സിബിൽ സ്‌കോറിലുണ്ടാകും. ഇന്ത്യയിൽ വായ്‌പാ വിതരണത്തിന്റെ 90 ശതമാനവും നേടുന്നത് 750ന് മുകളിൽ സ്‌കോറുള്ളവരാണെന്ന് ട്രാൻസ്‌യൂണിയൻ സിബിൽ വ്യക്തമാക്കുന്നു. വായ്‌പാത്തിരിച്ചടവ്, വിവിധ ബിൽ പേമെന്റുകൾ എന്നിവ കൃത്യമായി നടത്തുന്നവർക്കാണ് ഉയർന്ന സ്കോർ കിട്ടുക.
സിബിൽ സ്‌കോർ
300 മുതൽ 900 വരെയാണ് സിബിൽ സ്‌കോർ. സ്‌കോർ 750ന് മുകളിലെങ്കിൽ വായ്‌പ അനായാസമായി നേടാം. ഉയർന്ന സ്‌കോറുള്ളവർക്ക് പലിശയിൽ ഇളവ് കിട്ടാറുണ്ട്. പ്രതിമാസ തവണകളിലും (ഇ.എം.ഐ) ആനുകൂല്യം സ്വന്തമാക്കാം.
സ്‌കോർ അറിയാം
ട്രാൻസ്‌യൂണിയൻ സിബിലിന്റെ വെബ്‌സൈറ്ര് (https://www.cibil.com/freecibilscore) സന്ദർശിച്ചാൽ വർഷത്തിലൊരുതവണ സൗജന്യമായി സിബിൽ സ്‌കോർ നേടാം. വീണ്ടും സ്‌കോർ അറിയണമെങ്കിൽ തിരഞ്ഞെടുക്കുന്ന പ്ളാൻ അനുസരിച്ചുള്ള ഫീസ് നൽകണം. സ്‌കോർ അറിയാൻ:
1. വെബ്‌സൈറ്രിലെ നോ യുവർ സ്‌കോർ ലിങ്ക് ക്ളിക്ക് ചെയ്യണം
2. ഓൺലൈൻ ഫോമിൽ മുൻകാല വായ്‌പാ വിവരങ്ങൾഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
3. തുടർന്ന് ഒ.ടി.പി ലഭിക്കും
4. വെരിഫിക്കേഷൻ കഴിഞ്ഞാൽ സിബിൽ റിപ്പോർട്ട് ലഭിക്കും
സിബിൽ
ക്രെഡിറ്ര് ഇൻഫർമേഷൻ ബ്യൂറോ അഥവാ സിബിലിന്റെ തുടക്കം 2000ലാണ്. 2017ൽ 92.1 ശതമാനം ഓഹരികൾ ട്രാൻസ്‌യൂണിയൻ ഏറ്റെടുത്തു. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ നേടിയാണ് സിബിൽ, സ്‌കോർ തയ്യാറാക്കുന്നത്.