covaccine

മോസ്കോ: കൊവിഡ് വാക്‌സിൻ ഗവേഷണ വിവരങ്ങൾ മോഷ്ടിക്കാൻ റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ച് യു.കെയിലെ റഷ്യൻ അംബാസഡർ.

വാക്‌സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന യു.കെ, യു.എസ്, കനേഡിയൻ സംഘടനകളെ റഷ്യൻ ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ഹാക്കർമാർ ലക്ഷ്യമിടുന്നതായി ബ്രിട്ടൺ ആരോപിച്ചിരുന്നു.

'ഞാൻ ഈ കഥ ഒട്ടും വിശ്വസിക്കുന്നില്ല, അതിൽ യാതൊരു അർത്ഥവുമില്ല', എന്ന് അംബാസഡർ ആൻഡ്രി കെലിൻ ബി.ബി.സിയോട് വ്യക്തമാക്കി. ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ റഷ്യ ഇടപെട്ടുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

വാക്‌സിൻ നിർമ്മിക്കാനുള്ള ഗവേഷണ ശ്രമങ്ങളിൽ മുന്നിലുള്ള രാജ്യമാണ് ബ്രിട്ടൺ. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെയും ലണ്ടനിലെ ഇംപീരിയൽ കോളേജിലെയും ശാസ്ത്രജ്ഞർ അഹോരാത്രം അതിനായി പ്രവർത്തിച്ചുവരികയാണ്. റഷ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമായ APT29 എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പാണ് റഗ് കമ്പനികളെയും ഗവേഷണ ഗ്രൂപ്പുകളെയും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടന്റെ ദേശീയ സൈബർ സുരക്ഷാ കേന്ദ്രം പറഞ്ഞിരുന്നു. എന്നാൽ, മെഡിക്കൽ രഹസ്യങ്ങൾ മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടന്നവുവെന്ന് അവകാശപ്പെടുന്ന സൈബർ അതിക്രമങ്ങളിൽ ഏതെങ്കിലും വിജയകരമായിരുന്നോ എന്നതു സംബന്ധിച്ച് യു.കെ ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

'ഞങ്ങൾ ഒരുതലത്തിലുള്ള ഇടപെടലുകളും നടത്താൻ ശ്രമിച്ചിട്ടില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ രാജ്യത്തിന്റെ തലപ്പത്തുള്ള കൺസർവേറ്റീവ് പാർട്ടിയോ ലേബർ പാർട്ടിയോ ആകട്ടെ, മികച്ച ബന്ധം കാത്തു സൂക്ഷികുന്നവരാണ്. അത് കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും"- അംബാസഡർ കെലിൻ പറഞ്ഞു.