ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രിസ് രാജകുമാരിയുടെ വിവാഹവാർത്തയും ചിത്രങ്ങളുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഇന്നലെ ചർച്ചചെയ്ത പ്രധാനവിഷയം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ കൊട്ടാരത്തിൽ വച്ചു നടന്ന രഹസ്യ ചടങ്ങിലായിരുന്നു വിവാഹം. 1947ൽ മുത്തശ്ശി എലിസബത്ത് രാജ്ഞി തന്റെ വിവാഹത്തിന് ധരിച്ച അതേ ഗൗണാണ് ബിയാട്രിസും ധരിച്ചത്. ഗൗൺ മാത്രമല്ല, കിരീടവും അതുതന്നെ. വജ്രക്കല്ലുകൾ പതിച്ച കിരീടം 1919ൽ നിർമിക്കപ്പെട്ടതാണ്.
ആൻഡ്ര്യൂ രാജകുമാരന്റെയും സാറയുടെയും മകളായ ബിയാട്രിസ് ഇറ്റാലിയൻ വ്യവസായിയായ എഡോർഡോ മോപ്പെല്ലി മോസിയെയാണ് വിവാഹം കഴിച്ചത്. മേയിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് കൊട്ടാരത്തിൽ വച്ച് രഹസ്യമായി വിവാഹം നടത്താൻ തീരുമാനിച്ചത്. എലിസബത്ത് രാജ്ഞി ഭർത്താവ് ഫിലിപ്പ് എന്നിവർക്കൊപ്പം വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.