രണ്ടാഴ്ചയായിട്ടും ജോലിക്ക് ഹാജരാകാനാകാതെ ജീവനക്കാർ
തിരുവനന്തപുരം : കൊവിഡ് കാലവും ലോക്ക്ഡൗണും പരിഗണിക്കാതെ കൂട്ടസ്ഥലമാറ്റം നടത്തി സംസ്ഥാന സ്പോർട്സ് കൗൺസിൽ ജീവനക്കാരെ വട്ടം കറക്കുന്നു.രണ്ടാഴ്ച മുമ്പാണ് കൗൺസിലിന്റെ പരമോന്നത സമിതിയായ സ്റ്റാൻഡിംഗ് കൗൺസിലിന്റെ അനുമതികൂടാതെ ഒൻപത് ഒാഫീസ് ജീവനക്കാരെ കൊല്ലം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. തൊട്ടുപിന്നാലെ തിരുവനന്തപുരത്തും പത്തനംതിട്ടയിലുമൊക്കെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ മിക്കവർക്കും പുതിയ സ്ഥലത്ത് ജോയിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. പലർക്കും തപാലിൽ ട്രാൻസ്ഫർ ഒാർഡർ ലഭിച്ചിട്ടുമില്ല.
അതേസമയം കുറച്ചുനാളായി കൗൺസിലിനുള്ളിൽ പുകയുന്ന പ്രശ്നങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും ഭാഗമായുള്ള പകപോക്കലാണ് കൂട്ടസ്ഥലമാറ്റമെന്ന് ജീവനക്കാരിൽ ഒരു വിഭാഗം ആരോപിക്കുന്നു. പത്തുവർഷം തികഞ്ഞവരെയാണ് സ്ഥലം മാറ്റിയതെന്ന് കൗൺസിൽ പ്രസിഡന്റ് പറയുന്നത് തെറ്റാണെന്നും സ്ഥലം മാറ്റപ്പെട്ടവരിൽ സ്ഥിരനിയമനം ലഭിച്ച് പത്തുവർഷം പിന്നിട്ടത് ഒരാൾ മാത്രമാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് സ്ഥിര നിയമനക്കാരെയും കരാർ നിയമനക്കാരെയും ഒരേ ഉത്തരവിലൂടെ സ്ഥലം മാറ്റിയതും സ്ഥലമാറ്റ ഉത്തരവിൽത്തന്നെ നിലവിലെ പോസ്റ്റിൽ നിന്ന് റിലീവ് ചെയ്തതായി രേഖപ്പെടുത്തിയതും തെറ്റാണെന്നും ഇവർ പറയുന്നു.
പ്രതികൂല സാഹചര്യത്തിൽ പൊടുന്നനെയുണ്ടായ സ്ഥലംമാറ്റത്തിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കായികമന്ത്രിക്കും സി.പി.എം സംസ്ഥാന കമ്മറ്റിക്കും പരാതി നൽകിയിരുന്നു. തുടർന്ന് ഇൗ മാസം ഒൻപതിന് കായിക മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചേർന്ന് ഇക്കാര്യത്തിൽ നടപടിയെടുക്കാൻ തീരുമാനിച്ചെങ്കിലും ട്രിപ്പിൾ ലോക്ഡൗൺ കാരണം കമ്മറ്റി മാറ്റേണ്ടിവന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ജീവനക്കാർക്ക് പ്രയാസമുണ്ടാകാത്ത രീതിയിൽ ഇളവുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ട്രാൻസ്ഫർ ചെയ്യപ്പെട്ടവർക്ക് യാത്രചെയ്യാനും ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാനും കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ അതിന് പ്രത്യേക ഇളവുകൾ അനുവദിക്കും. അതിനകത്ത് പ്രയാസം വരില്ല.
- കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്.