അബുദാബി: അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യമായി യു.എ.ഇയുടെ ചൊവ്വാ പേടകം ജപ്പാനിൽ നിന്ന് വിക്ഷേപിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.28ന് (യു.എ.ഇ സമയം ഇന്ന് പുലർച്ചെ 1.58) ജപ്പാന്റെ എച്ച് - 2എ, എഫ് 42 റോക്കറ്റ് ചൊവ്വ പേടകവുമായി വിക്ഷേപിച്ചിരിക്കും. 'അമൽ' (പ്രതീക്ഷ) എന്നാണ് പേടകത്തിന്റെ പേര്.
ദക്ഷിണ ജപ്പാൻ ദ്വീപിലെ താനെഗഷിമ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. കഴിഞ്ഞ ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം കാലാവസ്ഥ മോശമായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
മിത്‌സുബിഷി ഹെവി ഇൻഡസ്ട്രീസ് ആണ് എച്ച് - 2എ റോക്കറ്റ് നിർമ്മിച്ചത്.
യു.എ.ഇ രൂപം കൊണ്ടതിന്റെ 50-ാം വാർഷികമായ 2021ഫെബ്രുവരിയിൽ ചുവന്നഗ്രഹമായ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുകയാണ് അമലിന്റെ ലക്ഷ്യം. യു.എ.ഇ ബഹിരാകാശ ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററാണ് പേടകം നിർമ്മിച്ചത്.
യു.എ.ഇ ഇതുവരെ മൂന്ന് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. ഭൂമിയുടെ ഭ്രമണപഥം വിട്ടു പോകാത്ത മൂന്ന് ദൗത്യങ്ങളും വിജയമായിരുന്നു. ആദ്യത്തെ ഗോളാന്തര ദൗത്യത്തിൽ ചൊവ്വയെ ഉന്നം വച്ച ആദ്യ രാജ്യമാണ് യു.എ.ഇ. മറ്റ് ബഹിരാകാശ ശക്തികളെല്ലാം ആദ്യം ചന്ദ്രനെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
അമൽ ദൗത്യം
പേടകത്തിന്റെ ഭാരം 1350 കി.ഗ്രാം
ഒരു ചെറിയ കാറിന്റെ വലിപ്പം
രണ്ട് സോളാർ പാനലുകൾ
സഞ്ചരിക്കുന്ന ദൂരം ആറ് കോടി കി.മീ.
യാത്ര 200 ദിവസം
വേഗത മണിക്കൂറിൽ 1.21ലക്ഷം കി.മീ.
രണ്ട് വർഷം ചൊവ്വയെ ഭ്രമണം ചെയ്യും
ചൊവ്വയുടെ ബാഹ്യ അന്തരീക്ഷവും കാലാവസ്ഥാ വ്യതിയാനവും പഠിക്കും
ചൊവ്വയിലെ എല്ലാ ഋതുക്കളിലെയും അന്തരീക്ഷ വ്യതിയാനം പഠിക്കും
എമിറേറ്റ്സ് എക്‌സ്‌പ്ലൊറേഷൻ ഇമേജർ, ഇൻഫ്രാ റെഡ്, അൾട്രാവയലറ്റ് സ്‌പെക്ട്രോമീറ്ററുകൾ എന്നീ ഉപകരണങ്ങൾ
''അമൽ യുവാക്കൾക്കുള്ള സന്ദേശമാണ്. അൻപത് വർഷം മാത്രം പ്രായമുള്ള യു.എ.ഇക്ക് കന്നിദൗത്യത്തിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്താൻ കഴിഞ്ഞാൽ ഭാവിയിൽ വലിയ നേട്ടങ്ങൾ സാദ്ധ്യമാകും.''
-ഒമ്റാൻ ഷറഫ്
അമൽ പ്രൊജക്‌ട് ഡയറക്ടർ