
കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ നേരിട്ടത് 94 ശതമാനം ഇടിവ്. 68.8 കോടി ഡോളറിന്റെ (ഏകദേശം 5,152 കോടി രൂപ) സ്വർണമാണ് കഴിഞ്ഞപാദത്തിൽ ഇന്ത്യ വാങ്ങിയത്. റെക്കാഡ് വിലക്കയറ്റവും കൊവിഡ് നിയന്ത്രണങ്ങളും ഇറക്കുമതിയെ ബാധിച്ചു.
2019-20ലെ സമാനപാദത്തിൽ ഇറക്കുമതി 1,150 കോടി ഡോളറിന്റേത് (86,132 കോടി രൂപ) ആയിരുന്നു. വെള്ളി ഇറക്കുമതി 45 ശതമാനം താഴ്‌ന്ന് 57.5 കോടി ഡോളറിലൊതുങ്ങി (4,500 കോടി രൂപ). സ്വർണം, വെള്ളി ഇറക്കുമതി താഴ്‌ന്നത് ഏപ്രിൽ-ജൂണിൽ വ്യാപാരക്കമ്മി 912 കോടി ഡോളറായി താഴാൻ സഹായിച്ചു. ഇറക്കുമതിച്ചെലവും കയറ്രുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 2019ലെ സമാനപാദത്തിൽ 4,596 കോടി ഡോളറായിരുന്നു.
കമ്മിഭാരം താഴേക്ക്
സ്വർണ ഇറക്കുമതിയിൽ ഏതാനും മാസങ്ങളായുള്ള ഇടിവ്, കറന്റ് അക്കൗണ്ട് കമ്മി ഒഴിവാക്കാനും ഇന്ത്യയ്ക്ക് സഹായകമായി. ജനുവരി-മാർച്ചിൽ ഇന്ത്യ കുറിച്ചത് ജി.ഡി.പിയുടെ 0.1 ശതമാനം കറന്റ് അക്കൗണ്ട് സർപ്ളസാണ് (60 കോടി ഡോളർ). 2019ലെ സമാനപാദത്തിൽ ജി.ഡി.പിയുടെ 0.7 ശതമാനം കറന്റ് അക്കൗണ്ട് കമ്മിയാണ് ഉണ്ടായിരുന്നത്. വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി/മിച്ചം.
ഇടിയുന്ന തിളക്കം
(സ്വർണം ഇറക്കുമതിയിലെ ഇടിവ്)
മാർച്ച് : 62.6%
ഏപ്രിൽ : 99.93%
മേയ് : 98.4%
ജൂൺ : 77.5%