കേന്ദ്രപാറ, ഒഡിഷ: ലോകമെങ്ങും മരണം വിതയ്ക്കുന്ന കൊവിഡിനെയും കാൻസറിനെയും ഒരേസമയം പൊരുതി തോൽപ്പിച്ച് ജീവിതത്തെ നോക്കി പുഞ്ചിരിക്കുകയാണ് ഒഡിഷ കേന്ദ്രപാറയിലെ 85കാരൻ സുരേന്ദ്ര പാട്ടിയും കൂട്ടിന് 78കാരിയായ സഹധർമ്മിണി സാബിത്രിയും.
ജൂൺ 29നാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. തൊണ്ടയിൽ കാൻസർബാധിച്ച് ചികിത്സയിലായിരുന്നു സുരേന്ദ്ര. കൊവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ചപ്പോൾ ഇരുവരെയും കട്ടക്കിലെ അശ്വനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പത്തു ദിവസത്തിനുള്ളിൽ ഇവർ വൈറസിനെ ആട്ടിപ്പായിച്ചു. ഫലം നെഗറ്റീവായി. സാധാരണ പ്രായമായവരിൽ കൊവിഡ് അപകടകരമായിരിക്കെയാണ് ഇരുവരുടെയും അത്ഭുതകരമായ തിരിച്ചുവരവ്.
ഗുരുതരമായ കാൻസറിനെയും പ്രായത്തെയും മറികടന്ന് കൊവിഡിനെ തോൽപ്പിച്ച ഇവരുടെ ജീവിതം ആരോഗ്യപ്രവർത്തകർക്കും മറ്റുള്ളവർക്കും മാതൃകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം ദമ്പതികൾ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങി. 7 ദിവസം വീട്ടിലും ക്വാറന്റെനിൽ കഴിയേണ്ടതുണ്ട്. വീട്ടുകാരും ഗ്രാമത്തിലുള്ളവരും ആവേശത്തോടെ ഇരുവരെയും സ്വീകരിച്ചു. കൊവിഡിനെ തോല്പിക്കാൽ വേണ്ടത് ഇച്ഛാശക്തിയാണെന്ന് സുരേന്ദ്ര പറഞ്ഞു. ഒന്നിനെയും പേടിക്കരുതെന്ന് ഡോക്ടർമാർ പറഞ്ഞു. താനത് അനുസരിച്ചു. - സുരേന്ദ്ര കൂട്ടിച്ചേർത്തു.