ന്യൂഡൽഹി: ഡിജിറ്റൽ റിലീസിലൂടെ പുറത്തിറങ്ങുന്ന 'മുഹമ്മദ്: ദ മെസ്സഞ്ചർ ഒഫ് ഗോഡ്' എന്ന ചലച്ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി മുസ്ലിം മതപണ്ഡിതന്മാരുടെ സംഘടനയായ അഖില ഭാരതീയ തൻസീം ഉലെമ-ഇ--ഇസ്ലാം. ഈ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനാണ് സംഘടനയുടെ തീരുമാനം. പ്രധാനമന്ത്രി ഇക്കാര്യമറിയുമ്പോൾ അദ്ദേഹം സിനിമ ഇറങ്ങുന്നത് തടയുമെന്നും സംഘടന പ്രതീക്ഷിക്കുന്നു.
ഇറാനിയൻ സംവിധായകനായ മജീദ് മജീദി സംവിധാനം ചെയ്യുന്ന ചിത്രം ഇസ്‌ലാമിനെ അപമാനിക്കുന്നതാണെന്നും സംഘടന ആരോപിക്കുന്നു. ഇസ്‌ലാം മതം പ്രചരിപ്പിക്കാനായി മതസംഘടനകൾ ഉണ്ടെന്നും അതിനു സിനിമകളുടെ ആവശ്യമില്ലെന്നും അഖില ഭാരതീയ തൻസീം ഉലെമ-ഇ--ഇസ്ലാം അഭിപ്രായപ്പെടുന്നു.
സിനിമയെ നേരിട്ട്, പരസ്യമായി എതിർക്കാനാണ് ഞങ്ങൾ ആലോചിച്ചിരുന്നതെന്നും എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു സിനിമയെ എതിർത്താൽ ആ സിനിമ വിജയമായി മാറാനാണ് സാദ്ധ്യതയെന്ന് കണ്ടാണ് തങ്ങൾ പ്രധാനമന്ത്രിയെ കാണാൻ തീരുമാനിച്ചിരുന്നതെന്നും ഇവർ പറയുന്നു.
ഇന്ന് സാഹചര്യം വ്യത്യസ്തമാണെന്നും രാജ്യത്തെ മുസ്ലീങ്ങൾക്കിടയിൽ ഭീകരമായ കോപം നിലനിൽക്കുന്നുണ്ടെന്നും സംഘടനാ സെക്രട്ടറിയായ മൗലാനാ ശഹാബുദീൻ പറയുന്നു. മജീദ് മജീദിയുടെ പത്തൊൻപതാമത്തെ ചിത്രമായ 'മുഹമ്മദ്: ദ മെസ്സഞ്ചർ ഒഫ് ഗോഡ്' 2015ലാണ് ആദ്യം പുറത്തിറങ്ങുന്നത്. ഇന്ത്യൻ സംഗീത സംവിധായകൻ എ.ആർ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നൽകിയത്.