കൊളംബോ: ലോകത്തിലെ ആദ്യ വൈമാനികൻ രാവണനാണെന്നും 5000 വർഷം മുൻപ് അദ്ദേഹം വിമാനം പറത്തിയിരുന്നുവെന്നും വാദിക്കുന്ന ശ്രീലങ്കൻ സർക്കാർ ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ തേടി പരസ്യം പ്രസിദ്ധീകരിച്ചു.
ആധുനിക വിമാനങ്ങളും സാങ്കേതിക വിദ്യകളുമുണ്ടാകുന്നതിന് മുമ്പ് രാവണൻ വിമാനം പറത്താൻ ഉപയോഗിച്ച രീതികളെക്കുറിച്ച് പഠിക്കാൻ ആണ് ശ്രീലങ്കൻ സർക്കാറിന്റെ തീരുമാനം. അഞ്ച് വർഷത്തിനുള്ളിൽ സംഭവത്തിന്റ വസ്തുത തെളിയിക്കാനാണ് തീരുമാനം. ശ്രീലങ്കൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇതിനായി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വിമാനം ഉപയോഗിച്ച് ആദ്യം പറന്നത് രാവണനാണെന്നുള്ള വസ്തുതക്ക് ആധാരമായ തെളിവുകൾ കയ്യിലുണ്ടെന്ന് അതോറിറ്റി അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകളോ രേഖകളോ കയ്യിലുള്ളവർ അത് പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീലങ്കൻ വ്യോമയാന മന്ത്രാലയം പരസ്യം നൽകിയിരിക്കുന്നത്.
പുരാണ രാജാവിനെയും നഷ്ടപ്പെട്ട പൈതൃകത്തെയും കുറിച്ച് ഗവേഷണം നടത്താൻ സർക്കാരിനെ സഹായിക്കുന്നതിന് രാവണ രാജാവുമായി ബന്ധപ്പെട്ട രേഖകളോ പുസ്തകങ്ങളോ പങ്കിടാൻ ആളുകളോട് അഭ്യർത്ഥിക്കുന്നതാണ് പരസ്യം.