cash-

മുംബയ്: മാസവരുമാനം ഏകദേശം 14000 രൂപ മാത്രമാണെന്ന് അവകാശപ്പെട്ടിരുന്ന 80 കാരിക്ക് സ്വിസ് ബാങ്കിൽ നിക്ഷേപം.. സ്വിസ് ബാങ്ക് അക്കൗണ്ടിലുള്ളതോ 196 കോടിയോളം രൂപ.. ആദായനികുതി വകുപ്പിന്റെ മുംബയ് അപ്പലേറ്റ് ട്രിബ്യൂണൽ ഇവരോട് പിഴത്തുകയും നികുതിയും അടയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ്..

ബെംഗളൂരു സ്വദേശിനിയായ രേണു തരണിക്കാണ് സ്വിസ് അക്കൗണ്ടിൽ 196 കോടി നിക്ഷേപമുള്ളതായി കണ്ടെത്തിയത്. ഇപ്പോൾ വിദേശത്തുള്ള ഇവർക്ക് എച്ച്.എസ്.ബി.സി ജനീവയിലാണ് അക്കൗണ്ടുള്ളത്. തരണി ഫാമിലി ട്രസ്റ്റിന്റെ പേരിൽ 2004 ജൂലായിലാണ് അക്കൗണ്ട് തുറന്നത്. കെയ്മാൻ ഐലൻഡ്‌സിലുള്ള ജി.ഡബ്ല്യൂ ഇൻവെസ്റ്റ്‌മെന്റ് എന്ന സ്ഥാപനമാണ് ഇവരുടെ അക്കൗണ്ടിലേക്ക് തുക നിക്ഷേപിച്ചിട്ടുള്ളത്.

തരണി 2005 06 ൽ സമർപ്പിച്ച ആദായനികുതി റിട്ടേണിൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്. എന്നാൽ തനിക്ക് ജനീവ എച്ച്.എസ്.ബി.സിയിൽ അക്കൗണ്ട് ഇല്ലെന്ന് അവർ ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജി.ഡബ്ല്യൂ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ഡയറക്ടറോ ഓഹരി ഉടമയോ അല്ല. താൻ ഇപ്പോൾ ഇന്ത്യയിൽ താമസക്കാരി അല്ലാത്തതിനാൽ നികുതി അടയ്ക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

2005- 06 ൽ സമർപ്പിച്ച ആദായനികുതി റിട്ടേണിൽ വാർഷിക വരുമാനം 1.7 ലക്ഷമാണെന്നാണ് രേണു തരണി പറയുന്നത്. ബെംഗളൂരുവിലെ വിലാസത്തിലാണ് റിട്ടേൺ സമർപ്പിച്ചത്. ഇത്രയും കുറഞ്ഞ കാലത്തിനിടെ 200 കോടി രൂപയോളം ഇവരുടെ അക്കൗണ്ടിൽ എത്തിയത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു. ജീവകാരുണ്യ സംഘടന നടത്താൻ തക്കവിധം പൊതുരംഗത്ത് പ്രവർത്തിച്ചിരുന്ന വ്യക്തിയല്ല അവരെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.