dominc-rab

ലണ്ടൻ: ചൈനയിൽ ഉയിഗുർ മുസ്ലിങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. ഉയിഗുർ മുസ്ലിങ്ങളോടും ഹോങ്കോംഗിനോടും ചൈന തുടരുന്ന ദ്രോഹനടപടികൾക്ക് വ്യക്തമായ തെളിവുണ്ടെന്ന് റാബ് പറഞ്ഞു.

ഉയിഗുർ മുസ്ലിങ്ങളും ഹോങ്കോംഗ് ജനതയും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ ചൈനയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ബ്രിട്ടനും മറ്റ് 27 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡൊമിനിക് റാബ് പറഞ്ഞു. എന്നാൽ വംശീയ ന്യൂനപക്ഷങ്ങളെ തുല്യതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അവർ സന്തോഷത്തോടെയാണ് രാജ്യത്ത് കഴിയുന്നതെന്നും ബ്രിട്ടനിലെ ചൈനീസ് അംബാസഡർ ലിയു ഷിയോമിങ് പറഞ്ഞു.

ഹോങ്കോംഗ് സുരക്ഷാ നിയമത്തിന്റെയോ ഉയിഗുർ പ്രശ്‌നത്തിന്റെയോ പേരിൽ ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ ഉപരോധ നടപടികൾ സ്വീകരിച്ചാൽ ബ്രിട്ടൻ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.