study

ഷില്ലോംഗ്: എന്തുകാര്യം പഠിക്കാനും പ്രായം ഒരു തടസമല്ലെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ,​ ഒരുപ്രായം കഴിഞ്ഞ് ആരും പഠിക്കാനൊന്നും മിനക്കെടാറില്ലെന്ന് മാത്രം. അതേസമയം,​ പ്രായം കുറച്ച് കൂടിയാലും സാരമില്ല,​ പഠിക്കാം,​ ജയിക്കാം എന്നൊക്കെ തെളിയിച്ചിരിക്കുകയാണ് ലാകിന്റ്യൂ സ്ലീമി എന്ന വനിത. മേഘാലയിലെ ഒരു ഗ്രാമത്തിൽനിന്നാണ് തന്റെ 50-ാം വയസിൽ ലാകിന്റ്യു പ്ലസ്ടു പരീക്ഷയെഴുതി പാസായിരിക്കുന്നത്.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് 32 വർഷങ്ങൾക്കുശേഷമാണ് ലാകിന്റ്യു തന്റെ പഠനം പുനരാരംഭിച്ചത്. 2008ൽ ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ മക്കളുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ലാകിന്റ്യുവിനായി. ഇതോടെ നഴ്സറി സ്കൂൾ കുട്ടികൾക്ക് ഖാസിഭാഷ പഠിപ്പിക്കാൻ തുടങ്ങി. അപ്പോഴും നിലച്ചുപോയ പഠനം പുനരാരംഭിക്കണമെന്ന ആഗ്രഹം ലാകിന്റ്യുവിന് ഉണ്ടായിരുന്നു. ആഗ്രഹം കലശലായപ്പോൾ അദ്ധ്യാപക ജീവിതത്തിൽനിന്ന് താത്കാലിക അവധിയെടുത്ത് കഴിഞ്ഞവർഷംമുതൽ പഠിക്കാൻ ആരംഭിച്ചു. സ്കൂൾ യൂണിഫോമണിഞ്ഞ് വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി.

പരീക്ഷാഫലം വന്നതോടെ മക്കളും ബന്ധുക്കളുമൊക്കെ ഹാപ്പി. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളാണിത്. ഇനി ബിരുദവും ബിരുദാനന്തരവുമൊക്കെ ചെയ്യണമെന്നാണ് ആഗ്രഹം. വീട്ടുകാര്യങ്ങൾക്കപ്പുറം സ്വന്തം ഇഷ്ടങ്ങളും നമ്മൾ പരിഗണിക്കണം. സ്വപ്നം കാണാൻ അതിരുകളില്ലല്ലോ.... ലാകിന്റ്യു പറയുന്നു.