കൊച്ചി: ഡിജിറ്റൽ പേമെന്റുകൾ വർദ്ധിച്ചെങ്കിലും ഇന്ത്യയിൽ കറൻസി നോട്ടുകൾക്ക് പ്രിയം കുറയുന്നില്ല. കൊവിഡ് ഭീതിമൂലം ആളുകൾ എ.ടി.എം ഉപയോഗം കുറയ്ക്കുകയും ഡിജിറ്റൽ ഇടപാടുകളെ ആശ്രയിക്കുകയും ചെയ്‌തിട്ടും കറൻസി പ്രചാരം കുറഞ്ഞില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
2020-21 സാമ്പത്തിക വർഷം ജൂലായ് 10 വരെയുള്ള റിപ്പോർട്ട് പ്രകാരം പ്രചാരം ചെയ്യപ്പെട്ട കറൻസികളുടെ മൂല്യം 2.31 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) സമാനപാദത്തേക്കാൾ മൂന്നു മടങ്ങ് കൂടുതലാണിത്. അതേസമയം, ജൂണിൽ യു.പി.ഐ പേമെന്റുകളുടെ എണ്ണം മേയിലെ 123 കോടിയിൽ നിന്ന് 134 കോടിയിലേക്ക് ഉയരുകയും ചെയ്‌തു. ഒമ്പത് ശതമാനമാണ് വർദ്ധന. ഏപ്രിലിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് യു.പി.ഐ ഇടപാടുകൾ 99.9 കോടിയായി കുറഞ്ഞിരുന്നു.
മൂല്യം കണക്കാക്കിയാൽ, ജൂണിലെ യു.പി.ഐ ഇടപാടുകൾ മേയ് മാസത്തേക്കാൾ 19 ശതമാനം വർദ്ധിച്ച് 2.62 ലക്ഷം കോടി രൂപയായി. മേയിൽ 2.18 ലക്ഷം കോടി രൂപയായിരുന്നു. 2019 ജനുവരി-ഡിസംബറിൽ കറൻസി വിനിമയം 2.40 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, 2020 ജനുവരി-മേയിൽ മാത്രം 2.66 ലക്ഷം കോടി രൂപയുടെ കറൻസികൾ വിനിമയം ചെയ്യപ്പെട്ടു. കൊവിഡ് ഭീതി ഒഴിയുന്നതോടെ, ജനങ്ങൾ വീണ്ടും എ.ടി.എമ്മുകളെ ആശ്രയിക്കുമെന്നും ഇത് കറൻസി വിനിമയം കൂടുതൽ ഉയരാൻ വഴിയൊരുക്കുമെന്നും റിസർവ് ബാങ്ക് പുറത്തിറക്കിയ 'മോഡലിംഗ് ആൻഡ് ഫോർകാസ്‌റ്രിംഗ് കറൻസി ഡിമാൻഡ് ഇൻ ഇന്ത്യ : എ ഹെറ്രറോഡോക്‌സ് അപ്രോച്ച്" എന്ന റിപ്പോർട്ട് സൂചിപ്പിച്ചു.
ജി.ഡി.പി വളർച്ചയും കറൻസി വിനിമയവും തമ്മിൽ ബന്ധമൊന്നുമില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞപാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്രീവ് തലത്തിലേക്ക് ഇടിഞ്ഞിരിക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ, കണക്കുകൾ പ്രകാരം കഴിഞ്ഞപാദത്തിൽ കറൻസി വിനിമയം കൂടുകയാണുണ്ടായത്.
എഫ്.പി.ഐ: നഷ്‌ടം
₹9,015 കോടി
രാജ്യത്ത് കൊവിഡ് കൂടുതൽ ആശങ്ക സൃഷ്‌ടിക്കുന്നത് വിദേശ നിക്ഷേപത്തെയും ബാധിക്കുന്നു. ജൂലായിൽ ഇതുവരെ ഓഹരി-കടപ്പത്ര വിപണിയിൽ നിന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) പിൻവലിച്ചത് 9,015 കോടി രൂപയാണ്. ഇതിൽ 6,058 കോടി രൂപയും കൊഴിഞ്ഞത് ഓഹരികളിൽ നിന്നാണ്. ജൂണിൽ 24,053 കോടി രൂപയുടെ നഷ്‌ടം മൂലധന വിപണി കുറിച്ചിരുന്നു.