ന്യൂഡൽഹി: പൂച്ചകുഞ്ഞിനോടും കൊടും ക്രൂരത. കുഞ്ഞുപൂച്ചയെ ജീവനോടെ ചുട്ട് കൊല്ലുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ലൈറ്റർ ഉപയോഗിച്ച് അജ്ഞാതനായ ഒരാൾ പൂച്ചകുഞ്ഞിനെ തീകൊളുത്തുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നാണ് ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷണൽ പ്രഖ്യാപിച്ചിരിക്കുന്നത്.
തീ പിടിക്കാൻ സഹായിക്കുന്ന എന്തോ പൂച്ചക്കുഞ്ഞിന്റെ ശരീരത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നും, അതാണ് തീജ്വാല ആളിപ്പടരാൻ കാരണമെന്നും എച്ച്.എസ്.ഐ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അലോക്പർണ സെൻഗുപ്ത പറഞ്ഞു. ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്ത വ്യക്തി രക്ഷപ്പെടാനിടയായാൽ ഇത്തരം പ്രവൃത്തികൾ വീണ്ടും ആവർത്തിക്കും.
ഇതിനുമുമ്പും സമാനമായ രീതിയിൽ മൃഗങ്ങളെയോ മനുഷ്യരെയോ ഇയാൾ ഉപ്രദവിച്ചിട്ടുണ്ടാകാം. കണ്ണിൽചോരയില്ലാത്ത ക്രൂരതയാണിത്. കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും സമാന സംഭവങ്ങൾ ഉണ്ടായേക്കാം. അധികാരികൾക്ക് സംഭവം റിപ്പോർട്ട് ചെയ്തതായും അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലോക്പർണ കൂട്ടിച്ചേർത്തു.
ഇയാളെ തിരിച്ചറിയാൻ സാധിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എച്ച്.എസ്.ഐയുമായി പങ്കിടണമെന്നും അവർ അഭ്യർത്ഥിച്ചു.