ഗുവഹത്തി: അസമിനെ ആശങ്കയിലാക്കി വെള്ളപ്പൊക്കം രൂക്ഷമാകുന്നു.36 ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. കൊവിഡ് ദുരിതം അനുഭവിക്കുന്നതിനിടയിലാണ് ഇപ്പോള്‍ വെള്ളപ്പൊക്കം അസമിനെ ആശങ്കയിലാക്കിയിരിക്കുന്നത്.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി ഉയര്‍ന്നു. 81 പേരാണ് പ്രളയത്തെ തുടര്‍ന്നുള്ള കെടുതികളില്‍ മരിച്ചത്. 26 പേര്‍ മണ്ണിടിച്ചിലില്‍ മരിച്ചതായും അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. അസമിലെ ജനങ്ങളുടെ മാത്രം അല്ല നൂറോളം മൃഗങ്ങളുടെയും ജീവന്‍ ഇപ്പോള്‍ അപകടത്തിലാണ്.
കാണ്ടാമൃഗം, കടുവ, ആന, മാന്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങള്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാര്‍ക്കില്‍ നിന്ന് ഒഴുകി പോയി എന്നാണ് റിപ്പോര്‍ട്ട്. 133 വന്യമൃഗങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് കാസിരംഗ ദേശീയോദ്യാന അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയപാതയിലൂടെ മൃഗങ്ങള്‍ സമീപ ഗ്രാമങ്ങളിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച 290 ദുരിതാശ്വാസ ക്യാമ്പുകളില്‍ 47,465 പേര്‍ ആണ് ഇപ്പോള്‍ കഴിയുന്നത്. 75 റവന്യൂ സര്‍ക്കിളുകളില്‍ താഴെയുള്ള 2,633 ഗ്രാമങ്ങള്‍ നിലവില്‍ വെള്ളത്തിനടിയിലാണെന്നും 1.14 ലക്ഷം ഹെക്ടര്‍ വിളനിലങ്ങളില്‍ വെള്ളപ്പൊക്കം വെള്ളത്തില്‍ മുങ്ങിയതായും അധികൃതര്‍ പറയുന്നു.
അപ്പര്‍ അസം മേഖലയില്‍ പ്രളയജലം ഇറങ്ങുന്നുണ്ട്. എന്നാല്‍ ലോവര്‍ അസം മേഖലകളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ഫോണിലൂടെ പ്രളയ സാഹചര്യം ചര്‍ച്ച ചെയ്തു. വെള്ളപ്പൊക്കത്തെ നേരിടാന്‍ അസമിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.