തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ. ഇക്കാര്യം അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തിന്റെ ഗൗരവവും അദ്ദേഹം കേന്ദ്ര കമ്മീഷനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നെങ്കിലും ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ അടുത്ത യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണു സൂചനകൾ.
കൊവിഡിന്റെയും, സമൂഹ വ്യാപനത്തിന്റെയും അതോടൊപ്പം കാലാവർഷത്തിന്റെയും സാഹചര്യത്തിൽ പോളിംഗ് നടത്താനായി വിഷമമായിരിക്കുമെന്നും അതിനാൽ തിരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യമല്ല സംസ്ഥാനത്തുള്ളതെന്നും ടീക്കാറാം മീണ വ്യക്തമാക്കി. എന്നാൽ, ഉപതെരഞ്ഞെടുപ്പ് നടത്തുന്ന പക്ഷം പാലിക്കേണ്ട നടപടി ക്രമങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ തിരഞ്ഞെടുപ്പു കമ്മീഷൻ, തിരഞ്ഞെടുപ്പ് ഓഫീസർമാർക്കു നൽകിയിട്ടുണ്ട്.
ഒരു പോളിംഗ് സ്റ്റേഷനിൽ 1800 വോട്ടർമാർ എന്നതിന് പകരം 1000 പേർ മാത്രമേ പാടുള്ളൂ. അതിനാൽ മിക്കയിടങ്ങളിലും ഓക്സിലറി ബൂത്തുകൾ സ്ഥാപിക്കേണ്ടിവരും. വോട്ടെടുപ്പിന് സാമൂഹിക അകലം പാലിക്കണം, പ്രായമായവർ, ഭിന്നശേഷിക്കാർ, കൊവിഡ് പോസിറ്റീവായവർ എന്നിവർ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിച്ചാൽ അവർക്കു തപാൽ ബാലറ്റ് നൽകണം, വോട്ട് തേടുന്ന സ്ഥാനാർത്ഥികളുടെ സംഘങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ പാടില്ലെന്നും നിർദേശങ്ങളിൽ പറയുന്നു.