ബംഗളുരു: കൊവിഡ് ആശുപത്രിയിൽ രോഗികൾക്കൊപ്പം സ്വൈര്യവിഹാരം നടത്തി പന്നികളും. കർണാടകയിലെ കൽബുർഗിയിലെ ഒരു ആശുപത്രിയിലാണ് ഈ ദയനീയ കാഴ്ച. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ശബ്ദമുണ്ടാക്കുകയും ഭക്ഷണാവശിഷടങ്ങൾ കഴിക്കുകയും ചെയ്യുന്ന പന്നികൾക്കു നടുവിലൂടെ ഇതൊന്നും വകവയ്ക്കാതെ നടന്ന് ജോലികൾ ചെയ്യുന്ന ആശുപത്രി ജീവനക്കാരെയും ദൃശ്യങ്ങളിൽ കാണാം. ഈ മേഖലയിലെ മിക്ക ആശുപത്രികളിലും ഇത്തരം വൃത്തിഹീനമായ സാഹചര്യമാണ് ഉള്ളതെന്ന് കോൺഗ്രസ് എം.എൽ.എ പ്രിയങ്ക് ഗാർഗെ പ്രതികരിച്ചു. അതേസമയം, ഇത് ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കർണാടക ആരോഗ്യമന്ത്രി ബി.ശ്രീരാമലു ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. അതേസമയം, 2674 കൊവിഡ് കേസുകളാണ് കൽബുർഗിയിൽ മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.