fatality-rate

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് മരണ നിരക്കില്‍ വലിയ കുറവുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ 2.49 ശതമാനമാണ് രാജ്യത്തെ മരണനിരക്കെന്നും ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണെന്നും മന്ത്രാലയം ഞായറാഴ്ച വ്യക്തമാക്കി. രോഗബാധിതര്‍ക്ക് ആശുപത്രികളില്‍ ലഭിക്കുന്ന മികച്ച ചികിത്സയാണ് ഇതിന് കാരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്.മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം, മിസോറം, ആൻഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് പൂജ്യമാണ്.കേരളം, ത്രിപുര, അസം എന്നിവയടക്കം 14 സംസ്ഥാനങ്ങളില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെന്നും മന്ത്രാലയം വ്യക്തമാക്കി. 2.82 ശതമാനമായിരുന്നു ഇന്ത്യയിലെ കൊവിഡ് മരണനിരക്ക്. ഇത് കഴിഞ്ഞ മാസത്തോടെ 2.72 ശതമാനമായി കുറഞ്ഞു. ജൂലായ് പത്തോടെ അത് വീണ്ടും 2.49 ശതമാനമായി . രോഗബാധിതര്‍ക്ക് മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത് സാധിച്ചത്. കണ്ടെയ്ന്‍മെന്റ് നടപടികള്‍, വ്യാപകമായ പരിശോധന, സമഗ്രവും നിലവാരം ഉറപ്പുവരുത്തിക്കൊണ്ടുള്ളതുമായ ചികിത്സാ പദ്ധതികള്‍ എന്നിവ ഉറപ്പാക്കിയതുമൂലമാണ് മരണനിരക്ക് ഇത്രയധികം കുറയ്ക്കാനായത്.

ആപ്പുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി അതീവ അപകടസാധ്യതയുള്ള വിഭാഗങ്ങളെ നിരീക്ഷിക്കുകയും ഇത് രോഗം തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്തു. കൃത്യ സമയത്തെ ചികിത്സ മരണനിരക്ക് കുറയ്ക്കാൻ സഹായിച്ചു.