ന്യൂഡൽഹി: കോടതി കനിഞ്ഞില്ലെങ്കിൽ ഗെലോട്ടിനെതിരെ കലാപമുയർത്തി രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധിയുണ്ടാക്കിയ സച്ചിൻ പൈലറ്റിന്റെ ഭാവിയെന്താകും. സ്വന്തം പാർട്ടിയുണ്ടാക്കി രാജസ്ഥാൻ രാഷ്‌ട്രീയത്തിൽ പിടിച്ചു നിൽക്കുക എളുപ്പമാകില്ലെന്നാണ് സൂചന. ബി.ജെ.പിയിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും അടുത്ത ദിവസങ്ങളിലെ രാഷ്‌ട്രീയ നീക്കങ്ങൾ അനുസരിച്ചാകും സച്ചിന്റെ ഭാവി തീരുമാനമെന്നറിയുന്നു. ബി.ജെ.പി ക്യാമ്പിലേക്കില്ലെങ്കിൽ ഗെലോട്ടിന് മുന്നിൽ കീഴടങ്ങേണ്ടി വരും. പിതാവ് രാജേഷ് പൈലറ്റിന്റെ ആകസ്‌മിക നിര്യാണത്തിന് ശേഷം 26-ാം വയസിൽ ലോക്‌സഭാംഗവും പിന്നീട് കേന്ദ്രമന്ത്രിയുമാകാൻ അവസരമൊരുക്കിയ ഗാന്ധി കുടുംബത്തോട് നന്ദികേട് കാട്ടി ബി.ജെ.പിയിൽ ചേരില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ബാല്യകാല സുഹൃത്തുക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നടത്തുന്ന ഇടപെടലുകൾ ഇക്കാര്യത്തിൽ നിർണായകമാകും. രാജസ്ഥാനിലെ ഭാവി നേതാവെന്ന നിലയിൽ തത്‌ക്കാലം ഗെലോട്ടിന്റെ നേതൃത്വം അംഗീകരിച്ച് കലാപക്കൊടി താഴ‌്‌ത്താനാണ് ഹൈക്കമാൻഡ് ആവശ്യപ്പെടുന്നത്. ഇതംഗീകരിച്ച് ഔദ്യോഗിക പക്ഷത്തേക്ക് തിരിച്ചു ചെന്നാൽ ഗെലോട്ട് പൂർണമായി ഒതുക്കുമെന്നും രാജസ്ഥാൻ രാഷ്‌ട്രീയത്തിൽ നിന്ന് തന്നെ പുറത്താകുമെന്നും സച്ചിൻ കരുതുന്നുണ്ട്. ബി.ജെ.പിയോട് ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തിയ ആളെന്ന പ്രതിച്ഛായയാണ് ഗെലോട്ട് പക്ഷം നൽകുന്നത്. മറുവശത്ത് ബി.ജെ.പിക്ക് ഗെലോട്ട് സർക്കാരിനെ മറിച്ചിടാനുള്ള ആയുധം മാത്രമാണ് സച്ചിൻ. മുൻ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയ്‌ക്ക് സ്വാധീനമുള്ള സംസ്ഥാന ഘടകത്തിൽ സച്ചിനെ പ്രതിഷ്ഠിക്കുക എളുപ്പമല്ല. അല്ലെങ്കിൽ മദ്ധ്യപ്രദേശിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ ദേശീയ രാഷ്‌‌ട്രീയത്തിൽ അവസരം നൽകാം. സച്ചിൻ വഴി രാജസ്ഥാൻ വോട്ടു ബാങ്കിൽ നിർണായകമായ ഗുജ്ജർ സമുദായത്തെ സ്വാധീനിക്കാനുമാകും. രണ്ടുവഴി സ്വന്തം പാർട്ടി രൂപീകരിച്ച് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയാകാനുള്ള വഴിയും സച്ചിൻ പരീക്ഷിച്ചേക്കും. എന്നാൽ കോൺഗ്രസിനും ബി.ജെ.പിക്കുമിടയിൽ രാജസ്ഥാനിൽ പുതിയ പാർട്ടിയുമായി പിടിച്ചു നിൽക്കാൻ സച്ചിന് കഴിയുമോ എന്നതാണ് വിഷയം. അപ്പോഴും ഭാവി സുരക്ഷിതമാക്കാൻ രണ്ടു വഴി: ഒന്നുകിൽ മാതൃ പാർട്ടിയിലേക്കുള്ള തിരിച്ചു പോക്ക് അല്ലെങ്കിൽ ബി.ജെ.പിയിൽ ലയിക്കൽ.