പാറ്റ്ന: ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ മൂന്ന് ഇന്ത്യക്കാർക്ക് നേരെ നിറയൊഴിച്ച് നേപ്പാൾ അതിർത്തി പൊലീസ്. മൂന്നു പേർക്ക് നേരെയാണ് നേപ്പാൾ പൊലീസ് വെടിവച്ചത്, ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തിയോടു ചേർന്നുകിടക്കുന്ന ബിഹാറിലെ കിഷൻഗഞ്ചിലാണ് സംഭവം നടന്നത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കിഷൻഗഞ്ച ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ബിഹാറിലെ ഇന്ത്യൻ പൗരന്മാർക്ക് നേരെ നേപ്പാൾ പൊലീസ് നിറയൊഴിക്കുന്നത്. ബിഹാറിലെ സീതാമർഹി ജില്ലയോട് ചേർന്നുള്ള അതിർത്തിയിൽ നേപ്പാൾ പൊലീസ് ഉതിർത്ത വെടിയേറ്റ് ഇക്കഴിഞ്ഞ ജൂൺ 12ന് രണ്ട് പേർ മരണമടഞ്ഞിരുന്നു. നെൽവയലിൽ ജോലി ചെയ്യുന്നവർക്ക് നേരെയാണ് നേപ്പാൾ പൊലീസിന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്. പിന്നാലെ, ഒരാളെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.