ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായിരുന്ന ലഡാക്കിലേക്ക് ഇന്ത്യ റാഫേൽ വിമാനങ്ങളെ വിന്യസിക്കാൻ ഒരുങ്ങി ഇന്ത്യ. പ്രദേശത്തെ സൈഇത്[ന്യബലം വർദ്ധിപ്പിക്കുന്നതിനായാണ് ഇന്ത്യ ഈ നീക്കം നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചൈനയെ ലക്ഷ്യം വച്ചാണ് ഇന്ത്യ ഈ വഴിക്ക് നീങ്ങുന്നത്. ഇന്ത്യ, ചൈനീസ് സേനകൾ തമ്മിൽ ലഡാക്കിലെ ഗാൽവാനിൽ വച്ചുണ്ടായ നീണ്ട സംഘർഷം ഇന്ത്യക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.
ഇനിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായാണ് ഇന്ത്യ സൈന്യബലം വർദ്ധിപ്പിക്കുന്നതെന്നാണ് അനുമാനം. ഇതുപ്രകാരം, ഫ്രാൻസിന്റെ കൈയ്യിൽ നിന്നും ഇന്ത്യ വാങ്ങിയ റാഫേൽ വിമാനങ്ങൾ കൈമാറ്റം ചെയ്യാൻ താമസമുണ്ടാകരുതെന്നും ഇന്ത്യൻ വ്യോമസേന രാജ്യത്തോട് അഭ്യർത്ഥിച്ചു.
ഇതനുസരിച്ച് മുൻപ് തീരുമാനിച്ചതിൽ നിന്നും വ്യത്യസ്തമായി ആറ് റാഫേൽ വിമാനങ്ങളാകും ഫ്രാൻസ് ഇന്ത്യയിലേക്ക് അടിയന്തരമായി എത്തിക്കുക. മുൻപ്, ആദ്യത്തെ ബാച്ചിൽ നാല് വിമാനങ്ങൾ എത്തിക്കാമെന്നതായിരുന്നു രാജ്യങ്ങൾ തമ്മിലുള്ള ധാരണ. ഹരിയാനയിലെ അമ്പാലയിലെ വ്യോമസേനയുടെ ഹോം ബേസിലേക്കാണ് ഫ്രാൻസ് വിമാനങ്ങൾ എത്തിക്കുന്ന എന്നാണ് വിവരം.
ലഡാക്കിൽ മാത്രമല്ല, സൈന്യത്തിന് ആവശ്യമുള്ള എല്ലായിടത്തേക്കും റാഫേൽ വിമാനങ്ങൾ എത്തിക്കും. ഇതിനായി വ്യോമസേനയുടെ എയർ/ഗ്രൗണ്ട് ക്രൂ നേരത്തെ തന്നെ റാഫേൽ വിമാനത്തിൽ ആവശ്യമായ പരിശീലനങ്ങൾ നേടിയിട്ടുണ്ട്. ഇതിനായി ഒരു വർഷമാണ് ഈ വ്യോമസേനാ അംഗങ്ങൾ ഫ്രാൻസിൽ ചിലവഴിച്ചത്.
വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിയ ശേഷം, ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അവ പ്രവർത്തനക്ഷമമാക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത്. 2016ലാണ് 36 റാഫേൽ വിമാനങ്ങൾക്കായി ഇന്ത്യ ഫ്രാൻസുമായി 59,000 കോടി രൂപയുടെ കരാറിൽ ഏർപ്പെടുന്നത്. ഇതിൽ 18 വിമാനങ്ങൾ(ഇപ്പോഴത്തെ ആറ് വിമാനങ്ങൾ കൂടി ഉൾപ്പെട്ട ആദ്യബാച്ച്) ഈ വർഷം ഫെബ്രുവരിയോടെ ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറണമെന്നാണ് ധാരണ. ബാക്കി വിമാനങ്ങൾ 2022 ഏപ്രിൽ-മെയ് മാസങ്ങളിലായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.