ലണ്ടന്‍: ആഗോള തലത്തില്‍ ചൈനാവിരുദ്ധ വികാരം അലയടിക്കുന്നതിനിടെ ആസ്ഥാനം ചൈനയിൽ നിന്ന് മാറ്റാനൊരുങ്ങി ടിക് ടോക്ക്. ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ചയിലാണ് ടിക് ടോക്ക് അധികൃതർ..
ചൈനീസ് ബന്ധത്തിന്റെ പേരില്‍ ആഗോള തലത്തിൽ തന്നെ പലരാജ്യങ്ങളിലും ടിക് ടോക്ക് വിലക്ക് നേരിടുകയാണ്.. രാജ്യ സുരക്ഷ ആരോപണങ്ങള്‍ നിരന്തരം നേരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ചൈനയില്‍ നിന്നും അകലം പാലിക്കാൻ ഇവർ ശ്രമിക്കുന്നത്.
ആസ്ഥാന കാര്യാലയം സ്ഥാപിക്കന്‍ ടിക് ടോക്ക് പരിഗണിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. നിരോധനത്തിന്റെ വക്കിലുള്ള അമേരിക്കയും ടിക് ടോക്കിന്റെ പരിഗണനയില്ല. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ചൈനീസ് എഞ്ചിനീയര്‍മാരെ ടിക് ടോക്കില്‍ നിന്നും പരമാവധി അകറ്റി നിര്‍ത്താനാണ് കമ്പനിയുടെ ശ്രമം. വാള്‍ട് ഡിസ്‌നി ഉന്നത ഉദ്യേഗസ്ഥനായിരുന്ന അമേരിക്കക്കാരന്‍ കെവിന്‍ മേയറെ കമ്പനി മേധാവിയായി നിയമിച്ചതിനൊപ്പം കാലിഫോര്‍ണിയയില്‍ നിന്നും നിരവധിയാളുകളെ ടിക് ടോക്ക് ജോലിക്കെടുക്കുകയും ചെയ്തു. ലണ്ടനിലും കാര്യാലയം പണിയാന്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍ അവിടെയും ടിക് ടോക്ക് കുടുതല്‍ ആളുകള്‍ക്ക് ജോലിനല്‍കാന്‍ സാധ്യതയുണ്ട്.