rajasthan

ന്യൂഡൽഹി: സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ നിയമസഭയിലെ വിമത കോൺഗ്രസ് എം.എൽ.എമാർ താമസിക്കുന്ന റിസോർട്ടിൽ വീണ്ടും രാജസ്ഥാൻ പൊലീസ്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് വിമത എം എല്‍ എയെ ചോദ്യം ചെയ്യാനുള്ള നീക്കം വീണ്ടും പരാജയപ്പെട്ടു. ഭന്‍വര്‍ലാല്‍ ശര്‍മ്മയെ ചോദ്യം ചെയ്യാന്‍ ഹരിയാനയിലെ റിസോര്‍ട്ടിലെത്തിയ രാജസ്ഥാന്‍ പൊലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍പ്പെട്ട പൊലീസുകാര്‍ക്ക് 10 മിനിറ്റിനകം തിരിച്ചുപോരേണ്ടി വന്നു.

ഭന്‍വാന്‍ലാല്‍ ശര്‍മ്മയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്നതിന് അന്വേഷണം നേരിടുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും സ്‌പെഷല്‍ പൊലീസ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ ഹരിയാനയിലെ മാനസേറില്‍ എത്തിയിരുന്നു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ശബ്ദരേഖകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബൻവർലാൽ ശർമയെ തേടി പൊലീസ് എത്തിയത്.

അതേസമയം, സ്‌പീക്കറുടെ അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 എം.എൽ.എമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം പുനഃരാരംഭിക്കും. അതിനിടെ 102 എം.എൽ.എമാരുടെ പിന്തുണ അവകാശപ്പെടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈയാഴ്‌ച നിയമസഭ വിളിച്ച് വിശ്വാസവോട്ട് തേടിയേക്കും. വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.