swapna-suresh

തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ എല്ലാം നിയന്ത്രിക്കുന്നത് സ്വപ്ന സുരേഷ് ആണെന്നും എത്തുന്ന സ്വർണം റമീസിനു നൽകുന്ന ജോലി മാത്രമാണു തനിക്കുള്ളതെന്നും സ്വ‌ർണക്കടത്ത് കേസിൽ അറസ്റ്റിലായ സന്ദീപ് നായരുടെ മൊഴി. ദുബായിൽ നിന്നു കയറ്റി അയയ്ക്കുന്ന രീതി സ്വപ്നയ്ക്കു മാത്രമേ അറിയൂ എന്നും അവർ തങ്ങൾക്കു ‘മാഡം’ ആണെന്നുമാണ് സന്ദീപ് നൽകിയ മൊഴി.

സ്വപ്നയുടെ ഫ്ലാറ്റിലെ സൗഹൃദ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും താനും നാല് തവണ ഒരുമിച്ചു പങ്കെടുത്തിട്ടുണ്ടെന്നും സന്ദീപ് വ്യക്തമാക്കി. സ്വർണക്കടത്തിന് കോൺസുലേറ്റ് വാഹനവും മറയാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. സന്ദീപിന്റെ ബ്യൂട്ടിപാർലറിലും വർക്‌ഷോപ്പിലും സ്വർണം കെെമാറിയതായാണ് വിവരം.

അതേസമയം സ്വപ്നയും കൂട്ടാളികളും ഒരു വർഷത്തിനിടെ 23 തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി 112.3കോടി മൂല്യമുള്ള 230കിലോഗ്രാം സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തി. യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗപ്പെടുത്തിയാണിത്.