sharada-subramaniam

ന്യൂഡൽഹി: അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി എ ജി) പ്രിൻസിപ്പൽ ഡയറക്ടർ ശാരദ സുബ്രഹ്മണ്യത്തെ പിരിച്ചു വിട്ടു. കോഫി ബോർഡ് ഫിനാൻസ് ഡയറക്ടറായിരിക്കെ കോടികൾ മ്യൂച്വൽ ഫണ്ടുകളിൽ സ്വന്തം പേരിൽ നിക്ഷേപിച്ചതിന്റെ പേരിൽ ഇവർക്കെതിരെ സി ബി ഐ കേസുണ്ടായിരുന്നു.

91 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥയാണ് ശാരദ സുബ്രഹ്മണ്യം. യു പി എസ്‌ സി നടത്തിയ അന്വേഷണത്തിലും ഇവർ ഗുരുതരമായ അഴിമതി നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി. രണ്ട് മാസം മുൻപ് സ്വീകരിച്ച നടപടി സർക്കാർ ഇപ്പോഴാണ് പരസ്യപ്പെടുത്തിയത്.


ആരോപണങ്ങൾക്ക് 250 പേജുള്ള മറുപടി ശാരദ സുബ്രഹ്മണ്യം നൽകിയിരുന്നു. എന്നാൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്നു സി എ ജിയും യു പി എസ്‌സിയും ധനമന്ത്രാലയവും കണ്ടെത്തി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയും ശാരദ സുബ്രഹ്മണ്യം സമീപിച്ചിരുന്നു.