തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് എത്തുമ്പോഴും കൊവിഡ് നിയന്ത്രണം മാറിയില്ലെങ്കിൽ പ്രചാരണ തന്ത്രം അതിനനുസരിച്ച് മാറ്രാനൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. വെർച്വൽ റാലികൾ സംഘടിപ്പിച്ചും ഓൺലൈൻ പ്ളാറ്റ്ഫോമിൽ കളംനിറച്ചും പ്രചാരണം കൊഴുപ്പിക്കാൻ പാർട്ടികൾ ഒരുക്കം തുടങ്ങി. ഇക്കുറി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പായിരിക്കും നടക്കുക എന്നതിനാൽ നവമാദ്ധ്യമങ്ങളെ ഒഴിവാക്കി കൊണ്ടുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾക്ക് ആലോചിക്കാൻ പോലുമാവില്ല. തിരഞ്ഞെടുപ്പ് സമയം അടുക്കുമ്പോഴും കൊവിഡ് ഭീഷണി പൂർണമായും ഒഴിയുമെന്ന് കരുതാനാവില്ല. അതിനാൽ, വീടുകൾ കയറിയിറങ്ങിയും കവലകൾ കേന്ദ്രീകരിച്ചുമുള്ള പ്രചാരണം അസാദ്ധ്യമാവും. ഇത് മുന്നിൽകണ്ടാണ് ഓൺലൈൻ പ്രചാരണത്തിനുള്ള തയാറെടുപ്പുകൾ പാർട്ടികൾ തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നൂറുദിവസം പോലും ഇല്ലാതിരിക്കെ വളരെ വേഗത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
സി.പി.എമ്മിൽ നേതാക്കൾക്കെല്ലാം സ്‌മാർട്ട് ഫോൺ
ബൂത്ത് തലം വരെയുള്ള സി.പി.എമ്മിന്റെ നവമാദ്ധ്യമ സമിതികൾ ശക്തമാണ്. പാർട്ടി നിലപാടുകൾ വിശദീകരിച്ച് കൊണ്ടുള്ള കുറിപ്പുകളും പോസ്റ്ററുകളും അപ്‌ലോഡ് ചെയ്യാനുള്ള അനുവാദം അതാത് തലത്തിൽ നവമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് കൊടുത്തിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ ജില്ലാ-സംസ്ഥാന തല നേതാക്കൾ ഇടപെടും. ഈ ക്രമീകരണം തദ്ദേശതിരഞ്ഞെടുപ്പിന് ഏറെ സഹായകരമാകുമെന്നാണ് സി.പി.എം കരുതുന്നത്. ബ്രാഞ്ച് കമ്മിറ്റികളടക്കമുള്ളവ പലയിടത്തും ഓൺലൈനായാണ് ചേരുന്നത്. എല്ലാ ജില്ലകളിലും ജില്ലാ സെന്ററുകൾ കേന്ദ്രീകരിച്ച് സ്റ്റുഡിയോ സജ്ജീകരിച്ചിട്ടുണ്ട്.
ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ സംസ്ഥാന നേതാക്കൾ വരെയുള്ളവർക്ക് നവമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം പാർട്ടി നൽകി കഴിഞ്ഞു. സൂം മീറ്റിംഗ് നടത്തുന്നത് എങ്ങനെ, ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ, ഫേസ്‌ബുക്കിലെ ഇടപെടൽ, ട്വിറ്റർ ഉപയോഗിക്കുന്ന രീതി, വാട്സാപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യേണ്ട വിധം അടക്കമുള്ളവയിൽ വ്യക്തമായ പരിശീലനമാണ് നേതാക്കൾക്ക് നൽകിയത്. തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടക്കുമ്പോൾ മാത്രം പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞാൽ മതിയെന്നാണ് തീരുമാനം. കൊവിഡ് കാലം തുടങ്ങിയതിന് ശേഷം നേരത്തെയുള്ളതിനെക്കാൾ അറുപത് ശതമാനത്തിലധികം നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായെന്നാണ് പാർട്ടി വിലയിരുത്തൽ. നേതാക്കളിൽ പലരും സ്വന്തമായി തന്നെ നവമാദ്ധ്യമങ്ങളെപ്പറ്റി പഠിച്ചെടുക്കാൻ ശ്രമിച്ചുവെന്ന് സി.പി.എം നവമാദ്ധ്യമ സമിതിയുടെ ചുമതലക്കാർ പറയുന്നു. ഓൺലൈൻ പ്രചാരണം മുമ്പ് ഒരു ഓപ്‌ഷൻ മാത്രമായിരുന്നുവെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ അത് അനിവാര്യമായി മാറും.
കൊവിഡിന് പിന്നാലെ തിരഞ്ഞെടുപ്പും കൂടി വരുന്ന സാഹചര്യത്തിൽ സ്‌മാർട്ട് ഫോൺ ഇല്ലാതിരുന്ന പല സി.പി.എം നേതാക്കളും അവ വാങ്ങാൻ തുടങ്ങിയത്രേ. ആദ്യം കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നുവെങ്കിലും നേതാക്കൾ വേഗം സ്‌മാർട്ട് ഫോണുമായി ഇണങ്ങിയെന്നും കാര്യങ്ങൾ മനസിലാക്കിയെന്നുമാണ് നവമാദ്ധ്യമ വിഭാഗത്തിലുള്ളവർ പറയുന്നത്. ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുന്നവരെല്ലാം നിർബന്ധമായും സ്‌മാർട്ട് ഫോൺ ഉപയോഗിക്കണമെന്ന നിർദ്ദേശം ഔദ്യോഗികമായി അല്ലെങ്കിലും പാർട്ടി നൽകി കഴിഞ്ഞു.
ഏരിയ കമ്മിറ്റികളുടെയടക്കം പേജുകൾക്ക് ലൈക്ക് കുറവാണെങ്കിൽ അത് കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ പാർട്ടിയുടെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി നേതാക്കൾ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് നീളില്ലെന്നും ഒക്‌ടോബറിൽ തന്നെ നടക്കുമെന്നുമാണ് സി.പി.എം കരുതുന്നത്. ജൂലായ് 31 വരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരിക്കാനാണ് നവമാദ്ധ്യമ സമിതികൾക്ക് മുകൾ തട്ടിൽ നിന്ന് കൊടുത്തിരിക്കുന്ന നിർദ്ദേശം. ആഗസ്റ്റോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കും.
മിഡിൽ ഈസ്റ്റിൽ ഐ.ടി സെല്ലുകൾ ആരംഭിച്ച് കോൺഗ്രസ്
ശശി തരൂരും അനിൽ ആന്റണിയുമാണ് കോൺഗ്രസിന്റെ ഐ.ടി സെൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനതലത്തിൽ ഉൾപ്പെടെ ഐ.ടി സെൽ പുന:സംഘടിപ്പിക്കാനും ബൂത്ത് തലം വരെ കമ്മിറ്റികൾ ഉണ്ടാക്കാനുമുള്ള പ്രവർത്തനങ്ങൾക്കാണ് പാർട്ടി പ്രഥമ പരിഗണന നൽകുന്നത്. സംസ്ഥാന ഭാരവാഹികളുടെ അവസാന പട്ടിക ആയി കഴിഞ്ഞുവെന്നും കെ.പി.സി.സി സെക്രട്ടറിമാരെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ ഐ.ടി സെൽ ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നും അനിൽ ആന്റണി പറയുന്നു. അതിനുശേഷമാകും താഴെ തട്ടിലേയ്‌ക്കുള്ള കമ്മിറ്റികൾ പ്രവർത്തനം ആരംഭിക്കുക.
തിരഞ്ഞെടുപ്പ് കൃത്യ സമയത്ത് നടക്കുമോ അതോ നീളുമോ എന്നീ ഉൗഹോപോഹങ്ങൾക്ക് ചെവി കൊടുക്കേണ്ടെന്നും കൃത്യമായ ടൈംലൈനിനുള്ളിൽ പ്രവർത്തനങ്ങൾ നടത്താനുമാണ് മുല്ലപ്പള്ളിയുടെ നിർദ്ദേശം. വാട്‌സാപ്പും ടെലിഗ്രാമും ബൂത്ത് തലം വരെയെത്തെിക്കുകയാണ് പ്രധാന ദൗത്യം. കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈൻ മേഖലയിൽ സജീവമായി നിലനിർത്താനാണ് നിലവിലെ തീരുമാനം. പ്രൊഫഷണൽ കോൺഗ്രസും ഡോക്‌ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസുമായി ചേർന്ന് എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ രാത്രി ഒമ്പത് മണിവരെ മെഡിക്കൽ ഹൈൽപ്പ് ലൈൻ പ്രവർത്തിപ്പിക്കുന്നുണ്ട്. കെ.പി.സി.സിയുടെ ആശിർവാദത്തോടെ വെബിനാർ സീരീയസുകളും നടക്കുന്നുണ്ട്.
മിഡിൽ ഈസ്റ്റിലെ എല്ലാ രാജ്യങ്ങളിലും കഴിഞ്ഞ ആഴ്ചയോടെ ഐ.ടി സെല്ലുകൾ ആരംഭിച്ചു. അവർക്ക് വേണ്ടിയുള്ള പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലത്തിൽ മൂന്ന് ജില്ലകളിൽ മണ്ഡലംതലം വരെയുള്ള പരീശീലനം നടന്നുകഴിഞ്ഞു. എ.ഐ.സി.സിയുമായി ചേർന്ന് മൂന്ന് സ്‌പീക്കപ്പ് ക്യാമ്പയിനുകൾ ഇതിനോടകം നടന്നിട്ടുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ നവ മാദ്ധ്യമങ്ങളിൽ സജീവമാണ്. ഓൺലൈൻ പ്ളാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നതിനായി മുതിർന്ന നേതാക്കൾക്കൊപ്പം നല്ലൊരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടക്കമുള്ളവർക്ക് പത്ത് ലക്ഷത്തിന് മുകളിൽ ഫേസ്‌ബുക്ക് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ നേതാക്കളെ സംബന്ധിച്ച് ഐ.ടി സെല്ലിന് ആശങ്കയില്ല. എന്നാൽ, അനൗദ്യോഗികമായി ഫേസ്‌ബുക്കിൽ ഉള്ള ഒട്ടനവധി കോൺഗ്രസ് കൂട്ടായ്‌മകളെ ഏകോപിപ്പിച്ച് ഒറ്റ കുടക്കീഴിൽ കൊണ്ടുവരികയെന്നതാണ് തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ഐ.ടി സെല്ലിന് മുന്നിലെ പ്രധാന വെല്ലുവിളി.
വെർച്വൽ റാലി നടത്തി ബി.ജെ.പിയുടെ പടയൊരുക്കം
മാർച്ച് ആദ്യ വാരത്തോടെയാണ് ബി.ജെ.പിയിൽ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. അത് കഴിഞ്ഞപ്പോഴേക്കും കൊവിഡ് കാലമായി. അതിനിടെ സംസ്ഥാന കമ്മിറ്റി ഓഫീസ് മാറേണ്ടിയും വന്നു. ഇതെല്ലാം കഴിഞ്ഞ് പഞ്ചായത്ത് തലം വരെയുള്ള മീറ്റിംഗ് നടന്നുകൊണ്ടിരിക്കെയാണ് സംസ്ഥാനത്ത് കൊവിഡ് ശക്തമാകുന്നത്. പോയ സമയം ശക്തമായ ഓൺലൈൻ പ്രവർത്തനങ്ങളിലൂടെ തിരിച്ചുപിടിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് ബി.ജെ.പിയുടെ പദ്ധതി.
ഐ.ടി, നിയമം, ആരോഗ്യം അടക്കമുള്ള വിഷയങ്ങളിലെ വിദഗ്ദ്ധരെ കണ്ടെത്തി ഓൺലൈൻ സീരീസുകൾ സജീവമായി നടത്തുന്നുണ്ട്. ബൂത്ത് മുതൽ മണ്ഡലം തലം വരെയുള്ള വാട്‌സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകൾ തുടങ്ങുകയും അതിന് കേന്ദ്രീകൃത സംവിധാനം ഒരുക്കുകയും ചെയ്തു. കൊവിഡ് കാലത്ത് ബി.ജെ.പി നടത്തിയ വെർച്വൽ റാലിയ്‌ക്ക് പാർട്ടിയുടെ ലക്ഷ്യം ഇരുപത് ലക്ഷം പേരായിരുന്നു. എന്നാൽ, വെർച്വൽ റാലി കണ്ടത് 35 ലക്ഷം പേരാണ്. ലക്ഷ്യമിട്ടതിനെക്കാളും 15 ലക്ഷം പേർ അധികം കണ്ടത് ഓൺലൈൻ രംഗത്ത് ബി.ജെ.പിയ്ക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. സംസ്ഥാന തലത്തിൽ 15 പേരും ഓരോ ജില്ലയിലും ഏഴ് പേർ വീതവുമാണ് ബൂത്ത് തലം വരെ വ്യാപിച്ച് കിടക്കുന്ന ബി.ജെ.പി ഐ.ടി സെല്ലിന്റെ കടിഞ്ഞാൺ നിയന്ത്രിക്കുക.
മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പിയിലെ എല്ലാ നേതാക്കൾക്കും നവമാദ്ധ്യമങ്ങളെപ്പറ്റി കൃത്യമായി ധാരണയുണ്ടെന്നാണ് പാർട്ടി ഐ.ടി സെല്ലിന്റെ അവകാശവാദം. മുതിർന്ന നേതാക്കൾ പോലും ദിവസവും നവമാദ്ധ്യങ്ങൾക്കായി സമയം മാറ്റി വയ്ക്കാറുണ്ട്. ഓൺലൈനിലേയ്ക്ക് മുഴുവൻ സമയ തിരഞ്ഞെടുപ്പ് പ്രചാരണം മാറുമ്പോഴുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള തിരക്കിലാണ് ബി.ജെ.പി.