electricity-

കൊൽക്കത്ത: സാധാരണക്കാർക്ക് മുതൽ വെെദ്യുതിമന്ത്രിക്കു വരെ ഞെട്ടിപ്പിക്കുന്ന വെെദ്യുതി ബിൽ. ഇതുസംബന്ധിച്ച് പശ്ചിമബംഗാൾ വെെദ്യുതിമന്ത്രി സോവൻ ഡെബ് ചാറ്റർജി അടക്കം പരാതി ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിലും ഇത്തരത്തിൽ ഇലക്ട്രിസിറ്റി ബിൽ കൂടുന്നതിനാൽ കൊൽക്കത്ത ഇലക്ട്രിക് സപ്ലെെ കോർപറേഷന് (സി ഇ എസ് സി)എതിരെ അദ്ദേഹം വിമർശനമുന്നയിച്ചു.

വെെദ്യുതി ബോർഡ് വിശദീകരണം നൽകാനും ബില്ലുകളിൽ ക്രമീകരണം നടത്താനും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കൊൽക്കത്ത പ്രദേശവാസികൾക്കയച്ച വെദ്യുതി ബില്ലിനെകുറിച്ച് ഒരു പത്രപരസ്യം നൽകാനും സി ഇ എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വെദ്യുതി നിരക്ക് വർദ്ധിച്ചതിൽ ഔദ്യോഗികമായി പത്രകുറിപ്പിറക്കാനും സി‌ ഇ എസ്‌ സി യോട് അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കൊൽക്കത്തയിൽ വെെദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപനമായ സി ഇ എസ് സിയ്ക്ക് നഗരത്തിൽ 33 ലക്ഷം ഉപഭോക്താക്കളുണ്ട്. ഉംഫാൻ ചുഴലിക്കാറ്റിൽ ഇവിടം വലിയ വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ദിവസങ്ങളോളം എടുത്തു. കൊൽക്കത്തയിലെ നിരവധി സ്ഥലങ്ങളിലും വെള്ളവും വെെദ്യുതിയും ഇല്ലാതായി.

പൊതുജനങ്ങൾ ദുരിതത്തിലാണ്. ഇത്തരത്തിൽ വെെദ്യുതി ബില്ലിൽ അമിത നിരക്ക് ഈടാക്കുന്നതിൽ അന്വേഷണമെന്നും പ്രദേശവാസിയായ സുനിൽ ഹൽദാർ പറഞ്ഞു. ഈ മാസത്തെ വെെദ്യുതി ബില്ലിനെ കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. 800-900 രൂപ വരെ വരുന്ന സ്ഥലത്ത് ഇപ്പോൾ ഞങ്ങൾക്ക് 3000 രൂപ വരെ അടയ്ക്കേണ്ട സ്ഥിതിയിലാണുള്ളത്. ഇത്രയും തുക സാധാരണക്കാർക്ക് നൽകാനാവില്ല.

സി ഇ എസ് സി ശരിക്കും ഞങ്ങളെ ദ്രോഹിക്കുകയാണ്. ഉപയോഗിക്കാത്ത വെെദ്യുതിയുടെ ബിൽ ഞങ്ങൾ എന്തിന് നൽകണം. ഇതിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. നിരവധിപേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഈ മാസം 54,000 രൂപ ബിൽ വന്നു. ഒരു റഫ്രിജറേറ്ററും സാധാരണ ബൾബും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഈ വലിയ തുക നൽകാനാവില്ല. ബിൽ ഇതുവരെ അടച്ചിട്ടില്ല. സർക്കാർ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.- ഒരു വ്യാപാരി പറഞ്ഞു. ഇതുസംബന്ധിച്ച് വൻ പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതേസമയം ബില്ലുകളിൽ അമിത തുക ഈടാക്കിയിട്ടില്ലെന്നാണ് സി ഇ എസ് സിയുടെ വിശദീകരണം.