തിരുവനന്തപുരം: പിതൃപരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി പതിനായിരങ്ങൾ ഇക്കുറി വീട്ടുമുറ്റങ്ങളിൽ ബലിതർപ്പണം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുചടങ്ങുകളില്ലാതെയായിരുന്നു ഇത്തവണത്തെ ബലിതർപ്പണം . വീട്ടുമുറ്റത്ത് ബലി സാദ്ധ്യമാകാത്തവർ ടെറസിലാണ് ബലിതർപ്പണം നടത്തിയത്. ഫ്ളാറ്റുകളിലും ചടങ്ങ് നടന്നു. പുലർച്ചെ ഒന്നര മുതൽ വൈകിട്ട് 4.55 വരെയാണ് വാവ്നേരം. പുലർച്ചെ 3.30 മുതൽ 12 വരെ ബലിതർപ്പണം നടത്തുന്നതാണ് ഉത്തമം. അതിനാൽ രാവിലെ തന്നെ കൂടുതൽപ്പേരും ബലിയിട്ടു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതരുടെ ശക്തമായ നിയന്ത്രണമുണ്ടായിരുന്നതിനാൽ പ്രധാന തീർത്ഥഘട്ടങ്ങളായ വയനാട്ടിലെ തിരുനെല്ലി, തിരുനാവായ, ആലുവാ മണപ്പുറം, കൊല്ലം തിരുമുല്ലവാരം, തലസ്ഥാനത്തെ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങിയിടങ്ങളെല്ലാം ഇക്കുറി വിജനമായിരുന്നു. പൊതുസ്ഥലങ്ങളിലും ബലിതർപ്പണം ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു. തീർത്ഥഘട്ടങ്ങളിലും പൊതു ഇടങ്ങളിലും ബലിയർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.
ആയിരങ്ങളെത്തിയിരുന്ന കോഴിക്കോട് വരക്കൽ ബലിതർപ്പണ ഭൂമിയിൽ പ്രദേശവാസികൾ ബലിതർപ്പണം നടത്തി. വീടുകളിൽ ബലിയിട്ടശേഷം കടലിലൊഴുക്കാനും വിശ്വാസികളെത്തിയിരുന്നു. പൊതു സ്ഥലങ്ങളിൽ ശക്തമായ പൊലീസ് കാവലും ഉണ്ടായിരുന്നു.