
തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സർക്കാരും, സി പിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സി പി എം അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
"സി പിഎമ്മിന്റെ പ്രഖ്യാപിതമായ എല്ലാ നയങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നുമുളള നഗ്നമായ വ്യതിചലനമാണ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ദൃശ്യമാകുന്നത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ സംസ്ഥാന മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് അതിരുകളില്ലാത്ത അധികാരമാണ് ശിവശങ്കർ കയ്യാളിയിരുന്നത്. സ്വർണക്കടത്തിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ സംസ്ഥാന ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജരായി നിയമിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കർ സസ്‌പെൻഷനിലായിരിക്കുകയാണ്. അതൊടൊപ്പം കള്ളക്കടത്തു റാക്കറ്റുമായി അദ്ദേഹത്തിനുള്ള ബന്ധം എൻ ഐ എ അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാൽ ഇത്തരം വഴിവിട്ട ഇടപാടുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് പറഞ്ഞ് കൈകഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്- ചെന്നിത്തല കത്തിൽ ആരോപിക്കുന്നു.
സ്വർണക്കടത്തുകേസിൽ നിയമസഭാ സ്പീക്കറുടെയും സംസ്ഥാനത്തെ മറ്റൊരു മന്ത്രിയുടെയും ഓഫീസുമായുള്ള ബന്ധവും വെളിച്ചത്ത് വന്നിരിക്കുകയാണ്. സി പി എമ്മിന്റെ പ്രഖ്യാപിത നയപരിപാടികളിൽ നിന്നുള്ള നഗ്നമായ വ്യതിചലനമാണ് ഇവയിൽ കാണുന്നത്. പാർട്ടിയുടെ ഏറ്റവും സമുന്നതനായ നേതാവെന്ന നിലയിൽ ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തെക്കുറിച്ച് സീതാറാം യെച്ചൂരി വിശദീകരിക്കണമെന്നും ജാഗ്രതക്കുറവും വീഴ്ചയും വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടപടി കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നുണ്ട്.
ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ മുഖ്യമന്ത്രിയുടെ നടപടികളെ ശക്തമായി എതിർക്കുന്ന കാര്യവും ഇ മൊബിലിറ്റി പദ്ധതിയെക്കുറിച്ചും റീബിൽഡ് കേരളയുടെ കൺസൾട്ടൻസിയായി കെ പി എം ജിയെ നിയമിച്ചത്തിനെക്കുറിച്ചും കത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.