തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് ജനറലിന്റെ ഡ്രൈവർ ജയഘോഷിൽ നിന്ന് എൻ.ഐ.എ സംഘം മൊഴിയെടുത്തു. നയതന്ത്രബാഗ് വാങ്ങാൻ പോയ വാഹനത്തിൽ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കോൺസുലേറ്റ് വാഹനത്തിൽ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗിൽ സ്വർണമാണെന്നറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നുമാണ് ജയഘോഷിന്റെ മൊഴി.
ആത്മഹത്യയ്‌ക്ക് ശ്രമിച്ച ജയഘോഷ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്. ആശുപത്രിയിൽ എത്തിയാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കണ്ടത്. മാനസിക ആഘാതം തുടരുന്നതിനാൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു മടങ്ങി. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ജയഘോഷിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യ നാടകമാണോയെന്നുമാണ് സംശയം.ജയഘോഷ് നൽകിയ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കേണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.