ചൈനയ്ക്കെതിരെ സൈനികവും നയതന്ത്ര തലങ്ങളിലുമുള്ള നടപടികൾക്ക് പുറമെ, ഏറെ പ്രഹരശേഷിയുള്ള സാമ്പത്തിക പ്രത്യാക്രമണങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഈ ജനുസ്സിൽ പെട്ട ആദ്യ നീക്കം, ആഗോള സാങ്കേതിക-ഭൂമികയിൽ ചൈന നേടിയെടുക്കാൻ ശ്രമിക്കുന്ന മേധാവിത്വത്തിന് തടയിടാനുള്ള ശ്രമമാണ്. ആ രാജ്യത്തിന്റെ 59 ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചു കൊണ്ട് ഡിജിറ്റൽ പ്രഹരത്തിന് ആദ്യംതുടക്കം കുറിച്ചു. സമൂഹമാദ്ധ്യമ രംഗത്തെ അമേരിക്കൻ ഭീമന്മാരായ ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയവ സ്വന്തം രാജ്യത്ത് നിരോധിച്ച ചൈനക്ക് അതേ മാർഗത്തിലൂടെ നാം നൽകിയ തിരിച്ചടിയിൽ ഒരു കാവ്യ നീതിയുണ്ട്. നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകളിൽ പലതും, നമ്മുടെ രാജ്യത്ത് ഏറെ ജനപ്രീതിയുള്ള സങ്കേതങ്ങൾ ആയിരുന്നു.
ടിക്ടോക്,ഷെയർഇറ്റ്,യൂസിബ്രൗസർ,ക്യാംസ്കാനർ,ഹലോ,വീബോ,വീചാറ്റ്,മീകമ്യൂണിറ്റി, ക്ളബ് ഫാക്ടറി എന്നിങ്ങനെ പോകുന്നു അടച്ചു പൂട്ടപെട്ട ജനപ്രിയ മണ്ഡലങ്ങളുടെ നിര.ഈ നിരോധനം വഴി ചൈനയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക വ്യഥകളുടെ വ്യാപ്തി വളരെ വലുതാണ്. സ്വന്തം ദേശം കഴിഞ്ഞാൽ, ലോകത്ത് ടിക് ടോക്കിന്റെ ഏറ്റവും വലിയ കമ്പോളമാണ് ഇന്ത്യ.ഇവിടെ ആ മാദ്ധ്യമത്തിന് 20കോടിയിൽപരം സജീവ ഉപഭോക്താക്കൾ ഉണ്ട്.അതായത് ആറ് ഇന്ത്യക്കാരിൽ ഒരാളെങ്കിലും ടിക് ടോക്കിന്റെ വരിക്കാരനാണ്.
ചൈനയിലെ ഒരു സാമ്പത്തിക മാഗസീന്റെ കണക്കനുസരിച്ച് ചൈനയ്ക്ക് 600കോടി ഡോളറിന്റെ വരുമാനനഷ്ടം ഉണ്ടാക്കുന്ന പ്രവർത്തിയാണ് ഈ നിരോധനം.ഷെയർ ഇറ്റ് എന്ന ഫയൽ പങ്ക് വയ്ക്കൽ ആപ്പിന് 40 കോടി ഡൗൺലോഡ് ഉണ്ടെന്നാണ് കണക്ക്. ചൈനയുടെ ടെക് ഭീമനായ 'ആലിബാബ"യുടെ യൂസിബ്രൗസറിന് ഇന്ത്യയിൽ, ഗൂഗിൾ കഴിഞ്ഞാൽ, രണ്ടാം സ്ഥാനമാണുള്ളത്. മീ കമ്മ്യൂണിറ്റി എന്ന ചൈനയുടെ ഡിജിറ്റൽ തട്ടകത്തിൽ ഇന്ത്യയിലുള്ളത് 10കോടിയിൽപ്പരമുള്ള അംഗബലമായിരുന്നു. സ്റ്റാർട്ട്പ്പുകൾക്ക് ഗുണകരം ഇത്തരം സാമ്പത്തിക ഉപരോധങ്ങൾ ചൈനയ്ക്ക് നഷ്ടം വരുത്തിവയ്ക്കുന്നതിനോടൊപ്പം, നമ്മുടെ രാജ്യത്തെ സംരംഭങ്ങൾക്ക്, പ്രത്യേകിച്ച് സ്റ്റാർട്ട്പ്പു കൾക്ക് ഗുണകരമാകുകയും ചെയ്യും. ടിക്ടോക് എന്ന ചൈനീസ് ആപ്പിന് മത്സരാർത്ഥി യായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്വദേശി കമ്പനിയായ'ശിംഗാരി "യുടെ ഡൗൺലോഡ്, ടിക് ടോക്കിന്റെ നിരോധനത്തിനു തൊട്ടുപിന്നാലെ, ഒരു ലക്ഷം എന്ന പഴയ നിലയിൽ നിന്ന് ഒരുകോടിയിലേറെയുള്ള വമ്പൻ സ്കോറിലേക്ക് കയറിയിരിക്കുന്നു. ടിക് ടോക്കിന് സമാനമായ മറ്റൊരു ആപ്പാണ് ബാംഗ്ലൂർ ആസ്ഥാനമായുള്ള 'മി ട്രോൻ".ഈ അനുഭവങ്ങൾ മറ്റു തലങ്ങളിലും ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത് . ഇറക്കുമതി രംഗത്തും നിരോധനം ആപ്പുകളുടെ രംഗത്ത് മാത്രമല്ല ഇന്ത്യ ചൈനയ്ക്കെതിരെ ഉപരോധം തീർത്തത്. ആ രാജ്യത്തു നിന്നുള്ള 200 കോടി ഡോളറിന് അധികമുള്ള വൈദ്യുതി ഉത്പന്നങ്ങളുടെ ഇറക്കുമതി വേണ്ടെന്ന് വയ്ക്കുമെന്ന് പ്രഖ്യാപനമുണ്ടായി. റോഡ് നിർമ്മാണ മേഖലയിൽ ചൈനീസ് സംരംഭങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചു.
ടെലികമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ രംഗത്ത് ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ചൈനീസ് കമ്പനിയാണ് ഉവായി( Huawei). മുൻപ്, ഈ കമ്പനി, ബി.എസ്.എൻ.എല്ലിന്റെ സൈറ്റ് ഹാക്ക് ചെയ്തതായി പരാതി ഉയർന്നിരുന്നു; ചാരപ്രവർത്തനങ്ങൾക്കായി കമ്പനിയുടെ ഉപകരണങ്ങൾ ഉപയോഗിക്കപ്പെടാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും ഈ കമ്പനിക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ 12 ,884 കോടിരൂപയുടെ ബിസിനസ് നടത്താൻ കഴിഞ്ഞിരുന്നു.
4ജിയുടെയും 5ജിയുടെയും വികസനത്തിൽ വലിയ പങ്കാളിത്തം വിഭാവനം ചെയ്തിരുന്ന ഈ കമ്പനിക്കെതിരെ ഇപ്പോൾ ചില നടപടികൾക്ക് കേന്ദ്രം തയ്യാറായിരിക്കുന്നു.ബി.എസ്.എൻ.എൽന്റെ 4ജി വികസന ടെൻഡറിൽ നിന്ന് ഉവായിയെ ഒഴിവാക്കി. മേൽപ്പറഞ്ഞ നിരോധനങ്ങൾ വഴി ചൈനയ്ക്ക് അത്യാവശ്യം വേണ്ട ഷോക്ക് നൽകുന്നതിന് കഴിഞ്ഞു എന്നത് നേര് തന്നെ . പക്ഷേ, അടച്ചുപിടിച്ചുള്ള ഉപരോധം തീർക്കുന്നത് ഇന്ത്യയ്ക്ക് ദോഷകരമാകും. വാഹന നിർമ്മാണം, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഔഷധനിർമ്മാണം, സോളാർ, തെർമൽ തുടങ്ങിയുള്ള മേഖലകളിൽ ചൈനയിൽ നിന്നുള്ള ഉപകരണങ്ങളെയും മറ്റും ആശ്രയിക്കുന്നത് പെട്ടെന്ന് അവസാനിപ്പിച്ചാൽ നമ്മുടെ സമ്പദ്ഘടനയ്ക്ക് അത് ഹാനികരമാകും. ആഗോള ഉത്പാദന ശൃംഖലയിലെ വലിയ കണ്ണിയായ ചൈനയെ പൂർണമായി ഉപേക്ഷിച്ചാൽ നമ്മളും ഈ ചങ്ങലയിൽ നിന്ന് പുറത്തായി പോകും. ദീർഘകാല അടിസ്ഥാനത്തിലുള്ള പരിഹാരമാർഗങ്ങൾക്കാണ് നാം ശ്രമിക്കേണ്ടത്. ചൈന, സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ മുന്നേറുന്നതിന് ആരംഭം കുറിച്ച 1978 ൽ നമ്മളും അവരും സമം സമം സാമ്പത്തിക ശക്തികൾ ആയിരുന്നു. പക്ഷേ, ഇന്നിപ്പോൾ ഇന്ത്യയുടെ ജി.ഡി.പി 3 ലക്ഷം കോടി ഡോളറിന് അടുത്ത്ആണെങ്കിൽ ചൈനയുടേത് 15 ലക്ഷം കോടി ഡോളറിന് സമീപമാണ്. പുത്തൻ നയങ്ങളിലൂടെ യും ഉദ്യമങ്ങളിൽ കൂടെയും യും ഇന്ത്യ കുതിച്ചുയുർന്നാലെ ചൈനയെ കൃത്യമായി തളയ്ക്കാനാവൂ.