vacine

ലണ്ടൻ: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിന്റെ പ്രാഥമിക പരീക്ഷണഫലം ഇന്ന് പുറത്തുവരും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ദി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇത് പ്രസിദ്ധീകരിക്കുക.

മൃഗങ്ങളിലും മറ്റും നടത്തിയ പരീക്ഷണങ്ങളിൽ ഈ വാക്സിൻ വിജയമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മനുഷ്യരിൽ പരീക്ഷണം നടത്തിയത്. നിലവിൽ ബ്രസീലിലെ മനുഷ്യരിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പുതിയ വാക്സിൻ കൊവിഡിൽ നിന്ന് ഇരട്ട സംരക്ഷണം തരുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ ഉറപ്പ്.

സെപ്തംബറോടെ വാക്സിൻ വിപണിയിലെത്തിക്കാനുള‌ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ എന്ന് വിപണിയിലെത്തുമെന്ന് കൃത്യമായ ഇപ്പോൾ പറയാനാവില്ലെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. വാക്സിന്റെ വിലയെക്കുറിച്ചും വ്യക്തതയില്ല.

ഇന്ത്യയുൾപ്പെടെയുള‌ള രാജ്യങ്ങളും കൊവിഡിനെതിരെ വാക്‌സിൻ വികസിപ്പിക്കുന്നതിനുള‌ള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏഴ് ഇന്ത്യൻ കമ്പനികളാണ് വാക്സിൻ നിർമാണത്തിലുള‌ളത്. പല കമ്പനികളുടെയും വാക്സിൻ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് മനുഷ്യരിലെ പരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവ വിപണയിലെത്തും. അമേരിക്കയും വാക്സിൻ വികസിപ്പിക്കുന്നതിൽ ഏറെ മുന്നിലാണ്.