തിരുവനന്തപുരം: കോൺസുലേറ്റ് ജനറലിന്റെ ഗൺമാൻ ജയഘോഷിനെതിരെ വകുപ്പ്തല നടപടിയ്ക്ക് സ്‌പെഷ്യൽ ബ്രാഞ്ച് ശുപാർശ. ഗുരുതര ചട്ടലംഘനമാണ് ജയഘോഷ് നടത്തിയത് എന്നാണ് വിലയിരുത്തൽ.കോൺസുലേറ്റ് ജനറൽ മടങ്ങിപോയിട്ടും തന്റെ കൈവശമുള്ള തോക്ക് ജയഘോഷ് ഹാജരാക്കിയില്ലെന്നും ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിനെയോ കമ്മിഷണറെയോ അറിയിച്ചില്ലെന്നുമൈാണ് സ്പെഷ്യൽ ബ്രാഞ്ച് നിഗമനം.
അതേസമയം, ജയഘോഷിനെ എൻ.ഐ.എ ചോദ്യംചെയ്തു. നയതന്ത്രബാഗ് വാങ്ങാൻ പോയ വാഹനത്തിൽ ജയഘോഷും ഉണ്ടായിരുന്നതായി തെളിഞ്ഞു. കോൺസുലേറ്റ് വാഹനത്തിൽ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗിൽ സ്വർണമാണെന്നറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയെന്നാണ് ജയഘോഷിന്റെ മൊഴി.
ആത്മഹത്യയ്‌ക്ക് ശ്രമിച്ച ജയഘോഷ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്. ആശുപത്രിയിൽ എത്തിയാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ കണ്ടത്. മാനസിക ആഘാതം തുടരുന്നതിനാൽ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു മടങ്ങി. വീണ്ടും ചോദ്യം ചെയ്യും.ജയഘോഷിന് സ്വർണക്കടത്തിനെക്കുറിച്ച് അറിയാമെന്നും ആത്മഹത്യ നാടകമാണോയെന്നുമാണ് അന്വേഷണസംഘത്തിന്റെ സംശയം. അതുകൊണ്ട് തന്നെ ജയഘോഷിന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ എൻ.ഐ.എ തയ്യാറായിട്ടില്ല.