covid

തിരുവനന്തപുരം: കടുത്ത ആശങ്ക ഉയർത്തി സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നു. 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധയുണ്ടായത്. നാലു ദിവസത്തിനുള്ളിൽ ഏഴു ഡോക്ടർമാർക്കും മൂന്നു നഴ്സുമാർക്കും ഉൾപ്പെടെ 18 ജീവനക്കാർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.ഇവരുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിലുമാണ്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നാല് ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയാ വാർഡ് കഴിഞ്ഞയാഴ്ച അടച്ചിരുന്നു. കൂട്ടിരിപ്പുകാർക്കുൾപ്പെടെ രോഗബാധയുണ്ടായിട്ടുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ നെഫ്രോളജി വാർഡ് അടച്ചു. ഇവിടെ ചികിത്സയിലുള്ള 16 രോഗികൾക്ക് പ്രത്യേക പരിരക്ഷ നൽകുമെന്നാണ് അധികൃതർ പറയുന്നത്. നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പടെ 24 പേർ നിരീക്ഷണത്തിലാണ്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. ഒ.പിയിൽ അത്യാവശ്യ ചികിത്സ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. വളരെ അത്യാവശ്യമു‌ള‌ളവർ മാത്രം ചികിത്സിയ്ക്ക് എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇടുക്കിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചതോടെ ഹൈറേഞ്ചിലെ ഏഴ് ആശുപത്രികള്‍ അടച്ചു. തൃശൂരില്‍ ഇരുപത്തഞ്ചും എറണാകുളത്ത് ഇരുപതും ആലപ്പുഴയില്‍ 13ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കൽ ഡോക്ടർക്കും പിജി സ്റ്റുഡന്റിനും കൊവിഡ് ലക്ഷണങ്ങളുണ്ടായതോടെ ആശുപത്രിയിലെ 50 ആരോഗ്യപ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇരുവരുടെയും അന്തിമ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. ആദ്യപരിശോധനയിൽ ഇരുവർക്കും രോഗബാധയുണ്ടെന്ന റിപ്പോർട്ടാണ് വന്നത്. രോഗം എവിടെ നിന്നു പക‍ർന്നു എന്ന് വ്യക്തമല്ല. ഇനി മുതൽ മെഡിക്കൽ കോളേജിലെത്തുന്ന എല്ലാ രോഗികളെയും കൊവിഡ് പരിശോധ നടത്താൻ ആലോചിക്കുന്നുണ്ടെന്ന് സൂപ്രണ്ട് വ്യക്തമാക്കി.

അതിനിടെ ആരോഗ്യപ്രവർത്തകർക്കിടയിലെ ആശങ്ക ഒഴിവാക്കാൻ സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. മറ്റന്നാളാണ് രണ്ടായിരത്താേളം പേർ പങ്കെടുക്കുന്ന വീഡിയോ കോണ്‍ഫറന്‍സ് നടക്കുക.