തിരുവനന്തപുരം: കാഷ്വൽ ലേബേഴ്സ് ഒഴികെയുള്ള മുഴുവൻ താത്കാലിക വിഭാഗം തൊഴിലാളികളെയും കഴിഞ്ഞ രണ്ട് മാസത്തോളമായി സ്ഥാപനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കാതെ കെ.എസ്.ആർ.ടി.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണം കെട്ടിവച്ച് കയറിയ ഡ്രൈവർമാരും, കോടതി ഉത്തരവിനാൽ പിരിച്ചുവിടപ്പെട്ട ശേഷം എൽ.ഡി.എഫും സർക്കാരും ചർച്ച നടത്തി തിരികെ പ്രവേശിപ്പിക്കാൻ അനുവദിച്ച കണ്ടക്ടർമാരും, എതിരായി ഒരു കേസും നിലവിലില്ലാത്ത മെക്കാനിക്കൽ, ക്ലറിക്കൽ വിഭാഗത്തിൽപ്പെട്ടവരുമായ തൊഴിലാളികളുമാണ് രണ്ട് മാസമായി ജോലിയില്ലാതെ പട്ടിണിയിൽ കഴിയുന്നത്.
താത്ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാൻ വേണ്ടി മാനേജ്മെൻ്റ് തലപ്പത്തുള്ളവർ കള്ളക്കഥകളും കണക്കുകളും ചമച്ച് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ഭരണകക്ഷി യൂണിയനുകളടക്കം പറയുന്നത്. മാനേജ്മെന്റ് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ കള്ളക്കഥകളടക്കം വ്യക്തമാക്കിയാണ് സി.പി.ഐയുടെ കീഴിലുള്ള ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എ.കെ ശശീന്ദ്രന് കത്തെഴുതിയിരിക്കുന്നത്.
1979 മുതൽ കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള ഒരു സംവിധാനമാണ് താത്കാലിക വിഭാഗം. എംപ്ലോയ്‌മെന്റ് വഴി കയറിയ ഇത്തരക്കാർക്ക് വാരാന്ത്യ അവധിയും അവധി വേതനവും അടിസ്ഥാന ശമ്പളവും ഉൾപ്പെടെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. 1992 മുതലാണ് എം പാനൽ എന്ന നിലയിൽ നിയമനമുണ്ടാകുന്നത്.
1979ൽ കയറിയ എംപ്ലോയ്മെമെന്റുകാരെ 2001ലെ ഇടതു സർക്കാർ സ്ഥിരപ്പെടുത്തുകയുണ്ടായി. ഒപ്പം പി.എസ്.സിക്ക് വിട്ടിട്ടില്ലാത്ത ഗാരേജ് മസ്ദൂർ തസ്തികയിലേക്കും സി.എൽ.ആർമാരെ സ്ഥിരപ്പെടുത്തി. അതിനു ശേഷം പത്ത് വർഷം പൂർത്തിയായവരെ സേവന വേതന കരാർ പ്രകാരം 2012ൽ യു.ഡി.എഫ് സർക്കാരും സ്ഥിരപ്പെടുത്തിയിരുന്നു. ഇനി അവശേഷിക്കുന്നവരെ സംബന്ധിച്ച് , അഞ്ച് വർഷം പൂർത്തിയായവരെ സർക്കാരുമായി കൂടിയാലോചിച്ച് സ്ഥിരപ്പെടുത്തുമെന്ന് 2011 ലെ സേവന വേതന കരാറിൽ പ്രത്യേകമായി ഉൾക്കൊള്ളിച്ചതും ഇത് സർക്കാരും ബോർഡും അംഗീകരിച്ചതുമായിരുന്നു.
ഇത്തരത്തിൽ എന്നെങ്കിലും സ്ഥിര നിയമനം പ്രതീക്ഷിച്ച് തുച്ഛവേതനത്തിന് വർഷങ്ങളോളമായി പണിയെടുക്കുന്നവരെയാണ് പ്രതിസന്ധി ഘട്ടത്തിൽ തൊഴിലും കൂലിയും നിഷേധിച്ച് പുറംതള്ളാനുള്ള നീക്കം കെ.എസ്.ആർ.ടി.സി.സി നടത്തുന്നത്. നടപടി നീതിക്ക് നിരക്കാത്തതും മനുഷ്യത്വമില്ലായ്മയും കൊടിയ വഞ്ചനയുമാണെന്നാണ് ഗതാഗതമന്ത്രിയ്ക്ക് അയച്ച കത്തിൽ ഭരണകക്ഷി യൂണിയൻ പറയുന്നത്
ലോക്ക്ഡൗണിന് ശേഷവും തൊഴിൽ അവസരം നഷ്ടപ്പെട്ടവർക്ക് നൽകിയിരുന്ന സമാശ്വാസ വേതനവും ജൂൺ മാസത്തേത് നിഷേധിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. സർക്കാർ പണം അനുവദിച്ചിട്ടും അത് നൽകാൻ കോർപ്പറേഷൻ തയ്യാറാവുന്നില്ല എന്നാണ് ജീവനക്കാരുടെ ആരോപണം.