തിരുവനന്തപുരം: വിമാനത്താവളം വഴി കടത്തിയ സ്വർണം കൈമാറ്റം ചെയ്യുന്നതിനായി അറസ്‌റ്റിലായ സ്വപ്‌ന സുരേഷും മറ്റും പ്രതികളും ചേർന്ന് തിരുവനന്തപുരത്ത് രണ്ട് വീടുകൾ ഉൾപ്പെടെ നാല് കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്തിരുന്നതായി വിവരം. ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള കാലയളവിൽ വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലും ശാസ്തമംഗലം പി.ടി.പി നഗറിലും രണ്ട് വീടുകളും കവടിയാർ അമ്പലമുക്കിലും സെക്രട്ടേറിയറ്റിന് സമീപത്തുമുള്ള ഫ്ലാറ്റുകളുമാണ് സംഘം വാടകയ്ക്ക് എടുത്തത്.
ഇതുകൂടാതെ കുറവൻകോണത്തുള്ള സന്ദീപിന്റെ ബ്യൂട്ടി പാർലറും നെടുമങ്ങാട്ടെ വർക് ഷോപ്പും സ്വർണക്കൈമാറ്റത്തിന് ഉപയോഗിച്ചു. ബാഗ് തുറന്ന് ഉദ്യോഗസ്ഥരുടെ പേരിലുള്ള യഥാർത്ഥ വസ്തുക്കൾ കോൺസുലേറ്റിലേക്കുള്ള ബാഗിലും സ്വർണം ഒളിപ്പിച്ചിരിക്കുന്ന വസ്തുക്കൾ മറ്റൊരു ബാഗിലേക്കും മാറ്റിയിരുന്നതും ഇവിടെവച്ചാണ്. സരിത്തും സ്വപ്‌നയുമാണ് ഇത് ചെയ്തിരുന്നത്. യഥാർത്ഥ ബാഗുമായി സ്വപ്‌ന കോൺസുലേറ്റിലേക്കും സ്വർണമടങ്ങിയ ബാഗുമായി സരിത്ത് സ്വന്തം കാറിൽ സന്ദീപിന്റെ അടുക്കലേക്കുമാണ് പോയിരുന്നത്.