തിരുവനന്തപുരം: യു.എ.ഇ അറ്റാഷെയുടെ ഫ്ളാറ്റിൽ കസ്റ്റംസ് പരിശോധന നടത്തുന്നു. ഫ്ളാറ്റിലെ സന്ദർശക രജിസ്റ്റർ ഉൾപ്പെടെ കസ്റ്റംസ് പരിശോധിച്ചു. തിരുവനന്തപുരം പാറ്റൂരിലാണ് അറ്റാഷെ താമസിച്ചിരുന്ന ഫ്ളാറ്റ്. സ്വർണക്കടത്ത് കേസന്വേഷിക്കുന്ന എൻ.ഐ.എ സംഘം അറ്റാഷെ താമസിക്കുന്ന ഫ്‌ളാറ്റിൽ രഹസ്യ പരിശോധന നടത്തിയിരുന്നു.
മുറിപൂട്ടിയിരിക്കുന്നതിനാൽ അകത്തേക്ക് പ്രവേശിക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സുരക്ഷാ ജീവനക്കാരിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം. ഫ്‌ളാറ്റിന്റെയും വാഹനങ്ങളുടെയും ചിത്രങ്ങൾ എടുക്കുന്നുണ്ട്. സ്വപ്‌നയും സരിത്തും പലവട്ടം ഫ്‌ളാറ്റിൽ സന്ദർശനം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അറ്റാഷെ നടത്തിയ ആഘോഷ പരിപാടികളിലും ഇവർ പങ്കെടുത്തിട്ടുണ്ട്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു.
അറ്റാഷെ ഉൾപ്പെടെ കോൺസുലേറ്റ് ഉദ്യോഗസ്ഥരായ നാല് യു.എ.ഇ പൗരന്മാർ ഇവിടെയാണ് താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പ് കോൺസുലേറ്റ് ജനറലും ഇവിടെ താമസിക്കുന്ന മൂന്ന് പേരും യു.എ.ഇയിലേക്ക് തിരിച്ചുപോയി. എന്നാൽ, അറ്റാഷെ ഇവിടെ തങ്ങി. ഇയാളുടെ പേരിലാണ് സ്വർണം ഒളിപ്പിച്ച നയതന്ത്രബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. സ്വർണം പിടിച്ച് ദിവസങ്ങൾക്കുള്ളിലാണ് അറ്റാഷെ ഇന്ത്യവിട്ടത്. ഇയാളെ യു.എ.ഇയിലെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. നിലവിൽ ഒരു യു.എ.ഇ പൗരൻ മാത്രമാണ് തലസ്ഥാനത്ത് ശേഷിക്കുന്നത്.