തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ നിർണായകമാകുന്ന തരത്തിലുള്ള പുതിയ വിവരങ്ങൾ പുറത്ത്. സ്വർണം കടത്തുന്നതിന് പ്രതികൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ സഹായം ലഭിച്ചതിന്റെ സൂചനകളാണ് അന്വേഷണം നടത്തുന്ന എൻ.ഐ.എയ്ക്ക് ലഭിച്ചത്. ഇതേതുടർന്ന് വിമാനത്താവളത്തിലെ എമിറേറ്റ്സിന്റെ ജീവനക്കാരെ ചോദ്യം ചെയ്യാൻ എൻ.ഐ.എ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലെ എമിറേറ്റ്സിന്റെ എയർപോർട്ട് മാനേജരിൽ നിന്ന് എൻ.ഐ.എ വിവരങ്ങൾ തേടും. ആവശ്യമെങ്കിൽ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
കേസിലെ മൂന്നാം പ്രതിയും ദുബായ് പൊലീസിന്റെ പിടിയിലാവുകയും ചെയ്ത ഫൈസൽ ഫരീദാണ് യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്രചാനൽ വഴി ദുബായിൽ നിന്ന് സ്വർണം അയച്ചത്. അതിന് അനുമതി നൽകുന്ന അറ്റാഷെ റാഷിദ് ഖാമിസിന്റെ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഈ കത്ത് വ്യാജമായി നിർമ്മിച്ചതെന്നാണ് എൻ.ഐ.എ പറയുന്നത്. കത്തിൽ കോൺസുലേറ്റിന്റെ മുദ്രയോ ഒപ്പോ ഉണ്ടായിരുന്നില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്.
ഔദ്യോഗികമായ രേഖകളില്ലാതെ എത്തുന്ന നയതന്ത്ര പാഴ്സൽ സാധാരണ വിട്ടുകൊടുക്കാറില്ല. ജൂൺ 30ന് എത്തിയ പാഴ്സലിനൊപ്പം ഉണ്ടായിരുന്നത് വ്യാജരേഖകളായിരുന്നിട്ടും അറ്റാഷെയുടെ അംഗീകാരമില്ലാതെ വന്ന ബാഗ് വിട്ടുകൊടുക്കണമെങ്കിൽ എമിറേറ്റ്സ് ജീവനക്കാരുടെ സഹായം ഇല്ലാതെ കഴിയില്ലെന്നാണ് എൻ.ഐ.എ കരുതുന്നത്.
നയതന്ത്ര ചാനലിലൂടെ അയച്ച ഡിപ്ളോമാറ്റിക് ബാഗിലുണ്ടായിരുന്നത് 30 കിലോ സ്വർണമാണ്. ഇതടക്കം 79 കിലോയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. കോൺസുലേറ്റിന്റെ പേരിലെത്തിയ കാർഗോയിൽ ഈന്തപ്പഴം, നൂഡിൽസ്, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മതഗ്രന്ഥങ്ങളും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം ജൂലായ് ഒമ്പത് മുതലാണ് കോൺസുലേറ്റിന്റെ പേരിലുള്ള കാർഗോയിൽ സ്വർണക്കടത്ത് തുടങ്ങിയത്. 152കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ അയച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും വീട്ടുപകരണങ്ങൾക്കുമൊപ്പമായിരുന്നു സ്വർണവും കടത്തിയത്.