supreme-court

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗുണ്ടാത്തലവൻ വികാസ് ദുബെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിൽ വിമർശനവുമായി സുപ്രീംകോടതി. ആദ്യപരിഗണന നിയമവ്യവസ്ഥയ്ക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍ ജഡ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. ദുബെയ്ക്ക് ജാമ്യം ലഭിച്ചത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ അറസ്റ്റിലായ വികാസ് ദുബെയെ കാൺപൂരിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞപ്പോൾ ദുബെ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് വിശദീകരണം. ഇതു വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയർന്നിരുന്നു.

അപകടത്തിൽ 6 പൊലീസുകാർക്ക് പരിക്കേറ്റതായും ഏറ്റുമുട്ടലിൽ 2 പൊലീസുകാർക്ക് വെടിയേറ്റതായും അധികൃതർ അറിയിച്ചു. നെഞ്ചിലും കയ്യിലും വെടിയേറ്റ ദുബെയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. വികാസിന്റെ ജീവനു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്.