beat

ബംഗളൂരു:ബൈക്കിൽ തൊട്ടു എന്നാരോപിച്ച് ദളിത് യുവാവിന് ജനക്കൂട്ടം തല്ലിച്ചതച്ചു. കർണാടകത്തിലെ വിജയപുരത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഉയർന്ന ജാതിയിൽപ്പെട്ടയാളുടെ ബൈക്കിൽ അബദ്ധത്തിൽ സ്പർശിച്ചെന്നുപറഞ്ഞായിരുന്നു ഉടമയും അയാളുടെ ബന്ധുക്കളുമുൾപ്പെടെ പതിമൂന്നുപേർചേർന്ന് ക്രൂരമർദ്ദനമഴിച്ചുവിട്ടത്. തടികളും ചെരുപ്പുകളും കൊണ്ടായിരുന്നു മർദ്ദനം. തന്നെ മർദ്ദിക്കരുതെന്ന് യുവാവ് കേണപേക്ഷിച്ചിട്ടും ആരുടെയും മനസലിഞ്ഞില്ല. സ്ഥലത്ത് നിരവധിപേർ ഉണ്ടായിരുന്നെങ്കിലും ആരും യുവാവിനെ സഹായിക്കാനെത്തിയില്ല. അടിയേറ്റ് അവശനായി വീണ തന്റെ വസ്ത്രമുരിഞ്ഞ് അപമാനിക്കാൻ ശ്രമിച്ചെന്നും യുവാവ് പൊലീസ് നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനിടയിലായിരുന്നു സംഘംചേർന്നുളള മർദ്ദനം.

യുവാവിന്റെ പരാതിയെത്തുടർന്ന് പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റുചെയ്തതായി റിപ്പോർട്ടില്ല. വീഡിയോ ദൃശ്യത്തിൽ നിന്ന് പ്രതികളെ കണ്ടെത്താനുളള ശ്രമങ്ങൾ തുടരുന്നു എന്നാണ് പൊലീസ് പറയുന്നത്.കർണാടകത്തിൽ താഴ്ന്നജാതിക്കാർക്കുനേരെയുള‌ള അതിക്രമങ്ങൾ കൂടിവരികയാണ്.