pee

കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ചതിന് മദ്രസാ അദ്ധ്യാപകനായ പിതാവടക്കമുള‌ള നാലുപേരുടെ അറസ്റ്റിനിടയാക്കിയത് പെൺകുട്ടിയുടെ അമ്മാവൻ. ഇയാൾ ആവശ്യപ്പെട്ടതനുസരിച്ചാണ് പെൺകുട്ടി പരാതി നൽകിയും തുടർന്ന് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിഞ്ഞതും. എട്ടാംക്ളാസ് മുതൽ പിതാവിന്റെ നിരന്തര പീഡനത്തിന് ഇരയായെങ്കിലും പേടിച്ച് ഈ വിവരം പുറത്താരോടും പറഞ്ഞില്ല. ഇതിനിടെ സമീപ വാസികളായ മൂന്നുയുവാക്കളും പെൺകുട്ടിയെ പീഡിപ്പിച്ചു. ഭയംമൂലം പെൺകുട്ടി ആരോടും ഇതൊന്നും പറഞ്ഞില്ല. എല്ലാം സഹിച്ചു ; ഉള‌ളിലൊതുക്കി.

നിരന്തര പീഡനത്തിനൊടുവിൽ ഒരുതവണ പെൺകുട്ടി ഗർഭിണിയായി. ഗർഭമലസിപ്പിക്കാൻ എത്തിയത് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വിവരം ആരുമറിയാതിരിക്കാൻ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെയുള‌ളവർ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ കുട്ടിയുടെ അമ്മാവൻ ഇക്കാര്യമറിഞ്ഞു. സംഭവം സത്യമാണെന്ന് വ്യക്തമായതോടെ പെൺകുട്ടിയോട് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടർന്നാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ. താൻ നിരന്തരപീഡനത്തിനിരയാകുന്ന വിവരം മാതാവിന് അറിയാമായിരുന്നു എന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അതിനാൽ അവരെയും പ്രതിചേർത്തേക്കും.

ഒളിവിലുള‌ള പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്.