തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുൺ ബാലചന്ദ്രനെതിരെ കൂടുതൽ നടപടിയുമായി സംസ്ഥാന സർക്കാർ. ഡ്രീം കേരള പദ്ധതിയിൽ നിന്ന് അരുൺ ബാലചന്ദ്രനെ നീക്കി. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന്റെ പേര് ഉയർന്നുവന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയാണ് അരുൺ ബാലചന്ദ്രനെ അടിയന്തരമായി നീക്കാൻ നിർദേശം നൽകിയത്. ഇതേ തുടർന്ന് പ്രവാസികാര്യ വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.
കൊവിഡ് മൂലം തിരിച്ചുവരുന്ന പ്രവാസികൾക്കായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഡ്രീം കേരള പദ്ധതി. ഈ പദ്ധതിയുടെ നിർവഹണ സമിതിയിൽ അരുൺ ബാലചന്ദ്രൻ അംഗമായിരുന്നു. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലായിരുന്നു ഇദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയിരുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.