kaumudy-news-headlines

1. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 40,425 പേര്‍ക്ക്. ഇതേ സമയം കൊണ്ട് 681 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 27,497 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷം കവിയുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ കൊവിഡ് രോഗ ബാധിതരുടെ ആകെ കണക്ക് പത്ത് ലക്ഷം കടന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോഴേക്കും ഒരു ലക്ഷം പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധിച്ചു. ആകെ രോഗബാധിതര്‍ 11,18,043 ആയി. രോഗവ്യാപനത്തില്‍ തുടര്‍ച്ചയായ നാലാം ദിനവും ഇന്ത്യ രണ്ടാമത്.


2. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് താരതമ്യേന മെച്ചപ്പെട്ട നിലയില്‍ ആണെന്നത് ആണ് ആശ്വാസകരമായ കാര്യം. 11 ലക്ഷം രോഗ ബാധിതരില്‍ ഏതാണ്ട് ഏഴ് ലക്ഷം പേരും രോഗമുക്തര്‍ ആയിട്ടുണ്ട്. 7,00,087 പേരാണ് ആകെ രോഗമുക്തര്‍ ആയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരില്‍ ഏതാണ്ട് 62.61 ശതമാനം പേര്‍ക്കും രോഗമുക്തി ഉണ്ടായി.
3. ഇന്ന് കര്‍ക്കടകവാവ് . പിതൃപരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി പതിനായിര ക്കണക്കിന് വിശ്വാസികള്‍ വീട്ടുമുറ്റത്ത് ബലിതര്‍പ്പണം ചെയ്തു തുടങ്ങി. പുലര്‍ച്ചെ ഒന്നര മുതല്‍ വൈകിട്ട് 4.55 വരെയാണ് വാവ്‌നേരം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആലുവ മണപ്പുറം ഉള്‍പ്പെടെയുള്ള പുണ്യകേന്ദ്രങ്ങളില്‍ ബലിതര്‍പ്പണമില്ല. പൊതുസ്ഥലങ്ങളിലും വിലക്കുണ്ട്. വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചു വീടുകളില്‍ തന്നെ ബലിയിടാനാണ് ആചാര്യന്മാരുടെ നിര്‍ദേശം. ഫ്ളാറ്റുകളില്‍ കഴിയുന്നവര്‍ക്ക് അതിന്റെ മുറ്റത്ത് ബലിതര്‍പ്പണം നടത്താം. ആള്‍ക്കൂട്ടം പാടില്ലെന്നു മാത്രം. മുറ്റത്തെ ബലി സാദ്ധ്യമല്ലെങ്കില്‍ ടെറസിലും ഇടാം. പുലര്‍ച്ചെ 3.30 മുതല്‍ 12 വരെ ബലിതര്‍പ്പണം നടത്തുന്നതാണ് ഉത്തമം.
4. രാജസ്ഥാനില്‍ രാഷ്ട്രീയ നാടകങ്ങളും അനിശ്ചിതത്വവും തുടരവെ സ്പീക്കറുടെ അയോഗ്യതാ നോട്ടീസിന് എതിരെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വാദം പുനരാരംഭിക്കും. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതും നേതൃത്വത്തിനെ വിമര്‍ശിച്ചതും അയോഗ്യത കല്പിക്കാനുള്ള കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിനും കൂട്ടരും ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനാല്‍ അയോഗ്യതാ നടപടികള്‍ നാളെ വരെ കോടതി മരവിപ്പിച്ചിട്ടുണ്ട്. അതിനിടെ 102 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെടുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ട് ഈയാഴ്ച നിയമസഭ വിളിച്ച് വിശ്വാസവോട്ട് തേടിയേക്കും. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. സച്ചിന്‍ ഒപ്പമുള്ള ഏതാനും എം.എല്‍.എമാര്‍ തിരിച്ചു വരുമെന്നും ഗെഹ്ലോട്ട് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
5. സര്‍ക്കാര്‍ ആത്മ വിശ്വാസത്തില്‍ ആണെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെ പറഞ്ഞിരുന്നു. അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ഇടപെട്ടെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ശബ്ദരേഖയെ പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി. ജനപ്രതിനിധികളുടെ ഫോണ്‍ അനധികൃതമായി ചോര്‍ത്തിയെന്ന് ആരോപണത്തിലാണിത്. ശബ്ദരേഖ അടിസ്ഥാനമാക്കി കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്തിനും ബി.ജെ.പി നേതാക്കള്‍ക്കും എതിരെ കേസെടുത്തതും ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിന് കാരണമായി. ബി.ജെ.പി നേതാവും വ്യവസായിയുമായ സഞ്ജയ് ജെയിന്‍, നേതാക്കളായ ഭാരത് മിലാനി, അശോക് സിംഗ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഷെഖാവത്ത് രാജി വയ്ക്കണമെന്നും ശബ്ദരേഖയിലേത് തന്റെ ശബ്ദമല്ലെന്ന് തെളിയിക്കാന്‍ പരിശോധനയ്ക്ക് വിധേയനാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ശബ്ദരേഖയുടെ ആധികാരികത തെളിയിക്കുന്നത് ആണെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
6. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒന്നരക്കോടിക്കടുത്ത്. 1,46,33,037 പേര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. 24 മണിക്കൂറിനിടെ 2,18,378 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 6,08,539 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്താകെ 87,30,163 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്. ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. അമേരിക്കയില്‍ 38,96,855 പേരും ബ്രസീലില്‍ 20,99,896 ആളുകളും രോഗികളായി. അമേരിക്കയില്‍ ഇന്നലെ 63,584 പുതിയ കേസുകളും 392 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ 24,650 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 716 പേര്‍ മരണപ്പെട്ടു. മെക്സിക്കോയില്‍ 578 പേരും മരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേര്‍ മരണപ്പെട്ടു. എന്നാല്‍ യൂറോപ്പില്‍ സ്ഥിതി നിയന്ത്രണ വിധേയമായി.