ഇടുക്കി: ഇടുക്കിയിൽ കൊവിഡ് രോഗി ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി ചക്കാമ്പാറ സ്വദേശി തങ്കരാജാണ് മരണപ്പെട്ടത്. അമ്പത് വയസായിരുന്നു. കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇന്ന് രാവിലെയാണ് ഇയാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. തമിഴ്നാട്ടിലെ ഗൂഢല്ലൂരിൽ നിന്നും എട്ടാം തീയതിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത്. ഇദ്ദേഹത്തിന്റെ മരുമകൾക്ക് രണ്ട് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതൊരു കൊവിഡ് മരണമായി സ്ഥിരീകരിക്കുക കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഹൃദ്രോഗിയായ ഇയാൾ ഒരു കൊല്ലത്തോളം ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സാംപിൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുവന്നത്.